രാജസ്ഥാന്റെ ചരിത്രത്തിൽ സഞ്ജുവിനെ പോലെ ഒരു താരം ഉണ്ടായിട്ടില്ല, ആ റെക്കോഡും മറികടന്ന് റോയൽസ് നായകൻ

ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും പഞ്ചാബ് കിംഗ്‌സും തമ്മിൽ ബുധനാഴ്ച വൈകുന്നേരം നടന്ന മത്സരത്തിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ഇതിഹാസമായി തന്റെ സ്ഥാനം ഉറപ്പിച്ചു. രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന നേട്ടമാണ് ഇന്നലെ സഞ്ജു സ്വന്തമാക്കിയത്.

മത്സരത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതിയിൽ നിൽക്കുന്ന സംഘമാണ് രാജസ്ഥാൻ . ടീം കോമ്പിനേഷനിലും എടുക്കുന്ന തീരുമാനങ്ങളും പാളിയില്ലെങ്കിൽ അവർ കപ്പ് എടുക്കും എന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്. എന്നാൽ എടുത്ത തീരുമാനം തെറ്റിയപ്പോൾ ഈ സീസണിലെ രണ്ടാം മത്സരത്തിൽ മറ്റൊരു മികച്ച ടീമായ പഞ്ചാബിനോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 187 റൺസിന് പുറത്തായി. ഫലം, പഞ്ചാബിന് 5 റൺസിന്റെ ആവേശ ജയം .

ബോർഡിൽ 198 എന്ന കൂറ്റൻ ടോട്ടൽ പിന്തുടരുന്നതിനിടെ റോയൽസിനായി നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ സാംസൺ, മുൻ താരം അജിങ്ക്യ രഹാനെയുടെ റെക്കോർഡ് മറികടക്കുക ആയിരുന്നു . 25 പന്തിൽ 42 റൺസെടുത്ത സാംസൺ രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായി.

രാജസ്ഥാന് വേണ്ടി 118 മത്സരങ്ങളിൽ നിന്ന് 30.46 ശരാശരിയും 137.99 സ്‌ട്രൈക്ക് റേറ്റുമായി സാംസണിന് ആകെ 3138 റൺസ് ഉണ്ട്. ആകെ രണ്ട് സെഞ്ചുറികളും 18 അർധസെഞ്ചുറികളും ഈ കണക്കിൽ ഉൾപ്പെടുന്നു. 106 കളികളിൽ നിന്ന് 35.60 ശരാശരിയിലും 122.30 സ്‌ട്രൈക്ക് റേറ്റിലും 3098 റൺസാണ് രഹാനെ നേടിയത്. ഷെയ്ൻ വാട്‌സൺ, ജോസ് ബട്ട്‌ലർ, രാഹുൽ ദ്രാവിഡ് എന്നിവരാണ് പട്ടികയിൽ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ.

Read more

ബാറ്റിംഗിൽ തിളങ്ങിയെങ്കിലും നായകൻ എന്ന നിലയിൽ സഞ്ജുവിന്റെ പല തീരുമാനങ്ങളും ഇന്നലെ പിഴച്ചു. ബോളിങ് മാറ്റങ്ങളും, അശ്വിനെ ഓപ്പണറാക്കി നടത്തിയ പരീക്ഷണവും പാളുന്ന കാഴ്ചയാണ് കണ്ടത്.