നിലവിൽ ആഭ്യന്തര ക്രിക്കറ്റ് സ്പെക്‌ട്രത്തിലെ ഏറ്റവും മികച്ച ഫോമിലുള്ള താരം സർഫ്രാസ് ഖാന് ഇപ്പോൾ കണ്ടകശനിയാണ്. ഈ കാലയളവിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും സർഫറാസ് ‘ഇപ്പോഴും’ സ്ഥിര സ്ഥാനം നേടിയിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ഇഷാൻ കിഷനെയും സൂര്യകുമാർ യാദവിനെയും തിരഞ്ഞെടുത്തെങ്കിലും ‘റൺ-മെഷീൻ’ സർഫറാസ് പുറത്തായി.
താരത്തെ എന്തുകൊണ്ടാണ് ടീമിൽ എടുക്കാത്തതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെലക്ടർ ഈ വിഷയത്തിൽ മൗനം വെടിഞ്ഞു. സ്‌പോർട്‌സ് സ്റ്റാറിനൊപ്പം ദേശീയ സെലക്ടറായ ശ്രീധരൻ ശരത്, ഇന്ത്യൻ ബാറ്റിംഗ് യൂണിറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ സർഫറാസിന്റെ അസാന്നിധ്യത്തെക്കുറിച്ച് സംസാരിച്ചു.
നിലവിലെ യൂണിറ്റിനെക്കുറിച്ച് പറയുമ്പോൾ, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ചേതേശ്വര് പൂജാര തുടങ്ങിയ മുതിർന്ന താരങ്ങളെയും യുവതാരങ്ങളെയും ശരത് പ്രശംസിച്ചു. “കോഹ്‌ലി ഇപ്പോഴും ഒരു മാച്ച് വിന്നറാണ്. ചേതേശ്വർ പൂജാര ബാറ്റിംഗിൽ സ്ഥിരത കൊണ്ടുവരുന്നു. രോഹിത് ശർമ്മ ഒരു മികച്ച നേതാവും മികച്ച ബാറ്റുമാണ്. ശ്രേയസ് അയ്യർ സ്ഥിരത പുലർത്തുന്നു. ശുഭ്മാൻ ഗില്ലിനും കെ.എൽ. രാഹുലിനും യഥാർത്ഥ കഴിവുണ്ട്,” അദ്ദേഹം പറഞ്ഞു.
സർഫറാസിനെ പറ്റി ചോദിച്ചപ്പോൾ, ‘കോമ്പോസിഷനും ബാലൻസും’ ആണ് യുവ ബാറ്ററെ ഒഴിവാക്കാനുള്ള കാരണമെന്ന് ശരത് ചൂണ്ടിക്കാട്ടി. “അദ്ദേഹം തീർച്ചയായും ഞങ്ങളുടെ റഡാറിലാണ്. തക്കസമയത്ത്, അദ്ദേഹത്തിന് അർഹത ലഭിക്കും. ടീമിനെ തിരഞ്ഞെടുക്കുമ്പോൾ, ബാലൻസ് അത്യാവശ്യം ആണെന്ന് ,” അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ടീമിനെ മാത്രമാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ യഥാസമയം തിരഞ്ഞെടുക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ സർഫറാസ് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കാം.