ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും വൻ നഷ്ടം. ഇന്ത്യ ന്യൂസിലൻഡിനോട് 0-3 ന് തോറ്റ പരമ്പരയിൽ രണ്ട് താരങ്ങളും നിരാശപെടുത്തിയിരുന്നു. ന്യൂസിലൻഡിനെതിരെ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് രോഹിത് 91 റൺസ് നേടിയപ്പോൾ, അതേ പരമ്പരയിൽ കോഹ്‌ലിക്ക് 93 റൺസ് മാത്രമേ നേടാനായുള്ളൂ. തൽഫലമായി, ഈ മോശം പ്രകടനങ്ങൾ അവരുടെ റാങ്കിംഗിനെ ബാധിക്കുകയും ഇരുവരും ഇപ്പോൾ ആദ്യ 20-ൽ നിന്ന് പുറത്തായിരിക്കുകയുമാണ്.
ഹോം സീസൺ തുടങ്ങുംമ്പോൾ രണ്ട് ഇന്ത്യൻ ബാറ്റർമാരും ആദ്യ പത്തിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ബംഗ്ളദേശ്, കിവീസ് പര്യടനം കഴിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ട് പോയി. ഈ സീസണിൽ 10 ഇന്നിംഗ്‌സുകളിൽ നിന്ന് 21.33 ശരാശരിയിൽ 192 റൺസ് മാത്രം നേടിയ കോഹ്‌ലി മങ്ങിയപ്പോൾ, 13.3 ശരാശരിയിൽ 133 റൺസ് സ്‌കോർ ചെയ്‌ത രോഹിതിൻ്റെ ഫോം അതിലും മോശമായിരുന്നു.
Read more
ഇതേ കാരണത്താൽ കോഹ്‌ലി എട്ട് സ്ഥാനങ്ങൾ താഴ്ന്ന് 22-ാം സ്ഥാനത്തെത്തി, രോഹിത് ശർമ്മ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി 26-ാം സ്ഥാനത്തെത്തി. അതേസമയം, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ തൻ്റെ മാന്യമായ ഫോം തുടരുന്ന റിഷഭ് പന്ത് 261 റൺസുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായി. 750 റേറ്റിംഗ് പോയിൻ്റുമായി അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് ആറാം സ്ഥാനത്തെത്തി. അതേസമയം, മുംബൈ ടെസ്റ്റിലെ പരാജയത്തെ തുടർന്ന് യശസ്വി ജയ്‌സ്വാൾ മൂന്നാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്ക് ഇറങ്ങി.