എയ്‌സ് പേസർ മുഹമ്മദ് ഷമി കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായി പരിശീലനം ആരംഭിച്ചിരിക്കുകയാണ്. എന്തായാലും താരത്തിന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് എന്നാണ് എന്ന് വ്യക്തത ഉണ്ടായിട്ടില്ല. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങുന്നതിന് മുമ്പ് ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളിക്കുന്നതിനെക്കുറിച്ച് താരം ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. ഈ വർഷം ആദ്യം ശസ്ത്രക്രിയയ്ക്ക് വിധേയനായ 33-കാരൻ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ബൗളിംഗ് ആരംഭിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ;
“ഞാൻ എപ്പോൾ മടങ്ങിവരുമെന്ന് പറയാൻ പ്രയാസമാണ്. ഞാൻ കഠിനമായി പരിശ്രമിക്കുന്നു, പക്ഷേ ഞാൻ വീണ്ടും ഇന്ത്യൻ ജേഴ്സി ധരിക്കുന്നതിന് മുമ്പ് നിങ്ങൾ എന്നെ ബംഗാൾ നിറങ്ങളിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. ബംഗാളിനായി രണ്ട്-മൂന്ന് മത്സരങ്ങൾ കളിക്കാൻ ഞാൻ പൂർണ്ണമായി തയ്യാറായി വരും. ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.”
“പരിക്ക് ഇത്രയും ഗുരുതരമാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം ഐപിഎല്ലും ഐസിസി ടി20 ലോകകപ്പും ഉള്ളതിനാൽ ടി20 ലോകകപ്പിന് ശേഷം അത് പരിഹരിക്കാനായിരുന്നു പദ്ധതി. പക്ഷേ അത് വഷളായി. ഏകദിന ലോകകപ്പ് സമയത്ത് തന്നെ അത് എന്നെ ബുദ്ധിമുട്ടിച്ചു. പരിക്ക് ഇത്രയും ഗുരുതരമായ പ്രശനം ആണെന്നും ഭേദമാകാൻ വളരെയധികം സമയമെടുക്കുമെന്നും അറിഞ്ഞില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഏകദിന ലോകകപ്പിൽ ഏഴ് കളികളിൽ നിന്ന് 24 വിക്കറ്റുകളുമായി ടൂർണമെൻ്റിലെ മുൻനിര വിക്കറ്റ് വേട്ടക്കാരനായി പോരാട്ടം അവസാനിപ്പിച്ചു. ഷമി കൂടി വന്നാൽ ഇന്ധന ബോളിങ് യൂണിറ്റിന് അത് നൽകുന്ന പവർ കൂടും എന്ന് ഉറപ്പാണ്.