കളിക്കാനാകാത്തതില്‍ നിരാശയില്ല, കാരണം ഞങ്ങളുടെ കൂടി സഹായത്തോടെയാണു മറ്റു താരങ്ങള്‍ ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നത്: മിന്നു മണി

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്വര്‍ണ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് മലയാളി താരം മിന്നു മണി. സെമിയിലും ഫൈനലിലും ഇറങ്ങാന്‍ സാധിക്കാത്തതില്‍ നിരാശ ഇല്ലെന്നും കാരണം നമ്മളും ടീമിന്റെ ഭാഗമാണെന്നും മിന്നു മണി മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മെഡല്‍ നേട്ടത്തില്‍ വളരെയധികം സന്തോഷമുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പോയപ്പോള്‍ ഇന്ത്യയ്ക്ക് വെള്ളിയാണു ലഭിച്ചത്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം വേണമെന്ന് ടീമിന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ചു.

സെമിയിലും ഫൈനലിലും ഇറങ്ങാന്‍ സാധിക്കാത്തതില്‍ നിരാശയില്ല. കാരണം നമ്മളും ടീമിന്റെ ഭാഗമാണ്. ഞങ്ങളുടെ കൂടി സഹായത്തോടെയാണു മറ്റു താരങ്ങള്‍ ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നത്. ടീമിന്റെ ഭാഗമായതില്‍ തന്നെ സന്തോഷമുണ്ട്- മിന്നു മണി പറഞ്ഞു.

ഫൈനലില്‍ അയല്‍ക്കാരായ ശ്രീലങ്കയെ കീഴടക്കിയാണ് ഇന്ത്യ സ്വര്‍ണം കരസ്ഥമാക്കിയത്. 19 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ ഇന്നിംഗ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് അവസാനിച്ചു.