ഇന്നും കൗണ്ടി ക്രിക്കറ്റില്‍ പാണന്‍മാര്‍ പാടി നടക്കുന്ന ഒരു വീരകഥയുണ്ട്. 80 കളുടെ ആദ്യ കാലങ്ങളിലാണ് സംഭവം നടക്കുന്നത്.
സോമര്‍സെറ്റും ഗ്ലാമോര്‍ഗനും തമ്മിലുള്ള ഒരു മല്‍സരമായിരുന്നു അത്. മികച്ച വേഗതയില്‍ പന്തെറിയുന്ന ഗ്ലാമോര്‍ഗന്റെ പേസര്‍ ഗ്രെഗ് തോമസ് സോമര്‍സെറ്റിന് വേണ്ടി ബാറ്റ് ചെയ്യുന്ന വിവിയന്‍ റിച്ചാര്‍ഡ്‌സിനെ തുടര്‍ച്ചയായ 3 പന്തുകള്‍ ഒന്നു തൊടാന്‍ പോലും കഴിയാതെ ബീറ്റണ്‍ ചെയ്യിക്കുന്നു. അതിന്റെ ആവേശത്തില്‍ ഏതൊരു എതിരാളിയും ചെയ്യാന്‍ ഭയപ്പെടുന്ന ഒരു കാര്യം ഗ്രെഗ് തോമസ് ചെയ്യുകയാണ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ അങ്ങോട്ട് പോയി സ്ലെഡ്ജ് ചെയ്തിരിക്കുന്നു !
‘വിവ്, ഇതാണ് ക്രിക്കറ്റ് ബോള്‍. റെഡ് കളര്‍ ആണ് . ഒരു 5 ഔണ്‍സ് ഭാരം വരും. നിങ്ങളുടെ കയ്യില്‍ ബാറ്റ് തന്നിരിക്കുന്നത് ഈ ബോളിനെ അടിച്ചകറ്റാനാണ്.’ റിച്ചാര്‍ഡ്‌സിന്റെ മറുപടി ഗ്രെഗിന്റെ തൊട്ടടുത്ത ബോളില്‍ ഒരു ഗംഭീര ഹുക്ക് ഷോട്ടായിരുന്നു. സ്റ്റേഡിയത്തിന് വെളിയിലേക്ക് പറന്ന് പോയ പന്തിനെ നോക്കി വായും പൊളിച്ച് നിന്ന ഗ്രെഗിന്റെ അടുത്തേക്ക് ചിരിച്ച് കൊണ്ടാണ് റിച്ചാര്‍ഡ്‌സ് വന്നത്.
‘ക്രിക്കറ്റ് ബോള്‍ എങ്ങനെയാണ് ഇരിക്കുന്നതെന്ന് ഏറ്റവും നന്നായി നിനക്കറിയാം. നീ പോയാല്‍ എളുപ്പത്തില്‍ ബോള്‍ കണ്ട് പിടിക്കാന്‍ പറ്റും.’ സ്റ്റേഡിയത്തിന് പുറത്ത് പിച്ച് ചെയ്ത ബോള്‍ സമീപത്തെ റോഡിലൂടെ പോയിരുന്ന ബസ്സില്‍ വീഴുകയും ബോളിന്റെ യാത്ര അവസാനിച്ചത് ടോണ്‍ടണിലെ ബസ് ഡിപ്പോയിലുമായിരുന്നു!
ഈ കഥയുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് അറിയില്ലെങ്കിലും ഇത്രയേറെ എതിരാളികളെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന മറ്റൊരു ബാറ്ററെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ കാണാന്‍ സാധിക്കില്ല. ക്രിക്കറ്റിന്റെ ആസുരതാളം സര്‍ വിവിയന്‍ ഐസക് റിച്ചാര്‍ഡ്‌സ്.
എഴുത്ത്: ഷെമിന്‍ അബ്ധുള്‍ മജീദ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍