ഐപിഎല്ലിലെ കുറച്ച് സീസണുകളില്‍ നിറഞ്ഞാടി ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ഭുതങ്ങള്‍ സമ്മാനിച്ച പ്രവീണ്‍ താംബേയെ കുറിച്ച് സിനിമ വരുന്നു എന്ന് വാര്‍ത്ത പുറത്തു വന്നപ്പോള്‍ വലിയ ആശ്ചര്യത്തോടെ ആണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിച്ചത്. ആരാണയാള്‍.., അതിനു മാത്രം എന്താണ് അയാള്‍ക്ക് പ്രത്യേകത…! എന്നൊക്കെയാണ് ഭൂരിഭാഗം പേരും ചോദിച്ചത്, അതെ ആരാണയാല്‍, എന്താണ് ഇത്ര പ്രേത്യേകത. ‘നിങ്ങള്‍ക്ക് പറക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഓടുക, ഓടാന്‍ കഴിഞ്ഞില്ലെങ്കില്‍ നടക്കുക ,നടക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇഴയുക .എന്തു തന്നെയായാലും മുന്നോട്ട് പോകുക. നിങ്ങള്‍ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.’
1998 ഇന്ത്യയിലേക്കുള്ള ആസ്‌ട്രേലിയന്‍ പര്യടനം ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പോരാട്ടമായാണ് ആ സീരീസിനെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ നോക്കിക്കണ്ടത്. സ്പിന്‍ മാന്ത്രികന്‍ വോണും ക്രിക്കറ്റ് ദൈവം സച്ചിനും തമ്മിലുള്ള മുഖാമുഖം. 3 ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ചതിനെക്കാള്‍ നന്നായി അനായാസമായാണ് വോണിനെ സച്ചിന്‍ കൈകാര്യം ചെയ്തത്.ആ പരമ്പരയില്‍ ചെന്നൈയിലെ 155 നോട്ടൗട്ടും ,ബാംഗ്ലൂരിലെ 177 ഉം ക്രിക്കറ്റ് പ്രേമികള്‍ എത്ര കാലം കഴിഞ്ഞാലും മറക്കില്ല .വോണിന്നെ നേരിടുന്നതിനായി സച്ചിന്‍ മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ലെഗ് സ്പിന്നര്‍മാരെ നേരിടുന്നതിന് പ്രത്യേക പരിശീലനം നടത്തിയിരുന്നു. അക്കൂട്ടത്തില്‍ 25 വയസുള്ള ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു .
വളരെ നന്നായി പന്തെറിയുന്ന ആ ചെറുപ്പക്കാനെ പിന്നീട് കണ്ടത് 2000 ലെ മുംബൈയുടെ രഞ്ജി സാധ്യതാ ടീമിലായിരുന്നു. നീലേഷ് കുല്‍ക്കര്‍ണി ,രമേഷ് പവാര്‍ ,രാജേഷ് പവാര്‍ ,ബഹതുലെ തുടങ്ങി ഒന്നാം കിട സ്പിന്നര്‍മാര്‍ ഉള്‍പ്പെട്ട മുംബൈ ടീമില്‍ സ്വാഭാവികമായും അന്തിമ ഇലവനില്‍ സ്ഥാനം നേടാന്‍ ഇദ്ദേഹത്തിന് പറ്റിയില്ല. പക്ഷെ ആള്‍ നിരാശനായില്ല. കളിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കും ശേഷം 2013 ല്‍ തന്റെ 41 മം വയസില്‍ വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റ്‌നുള്ള ടീമില്‍ ഉള്‍പ്പെടു. പക്ഷെ ഭാഗ്യം അവിടെയും കൈവിട്ടു. ഒരു മത്സരം പോലും കളിക്കാനായില്ല. പക്ഷെ നിരന്തര അധ്വാനത്തിന് കിട്ടിയ ഫലമായിരുന്നു അതേ വര്‍ഷം ഒറീസ ക്കെതിരായ രഞ്ജി അരങ്ങേറ്റം.
ഒരു ഫാസ്റ്റ് ബൗളറാകാന്‍ കൊതിച്ച നാളുകളില്‍ സ്വന്തം ക്ലബ്ബിന്റെ ക്യാപ്റ്റന്റ ഉപദേശപ്രകാരം ഇദ്ദേഹം ലെഗ് ബ്രേക്കിലേക്ക് തിരിഞ്ഞു.ആ കല അദ്ദേഹത്തിന് നേടിക്കൊടുത്തത് കൈ നിറയെ വിക്കറ്റുകള്‍ .എന്നാല്‍ മുംബൈ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം പ്രതിഭകളുടെ കലവറയായതു കൊണ്ട് തന്നെ ടീമിലൊരു സ്ഥാനം എന്നത് സ്വപ്നമായി അവശേഷിച്ചു .അതു കൊണ്ട് തന്നെ ഫസ്റ്റ് ക്ലാസ ക്രിക്കറ്റിന്റെ ഒരനുഭവം അവകാശപ്പെടാനില്ലാത്ത ഇദ്ദേഹത്തിന്റെ കരിയറില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത് രാഹുല്‍ ദ്രാവിഡിലൂടെയാണ്.
മുംബൈയില്‍ നടന്ന ഒരു പ്രാദേശിക T20 ടൂര്‍ണമെന്റിലെ പ്രകടനം കണ്ട രാജസ്ഥാന്‍ റോയല്‍സ് സെലക്ടര്‍മാര്‍ അദ്ദേഹത്തെ ട്രയല്‍സിലേക്ക് ക്ഷണിച്ചു. രാജസ്ഥാന്‍ ക്യാമ്പില്‍ ഒരൊറ്റ ബാറ്റ്‌സ്മാനു പോലും ഈ ബൗളറെ ഒരു ഫോറോ സിക്‌സറോ പോലും അടിക്കാന്‍ പറ്റാതെ വന്നപ്പോള്‍ രാഹുല്‍ ദ്രാവിഡിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. അതോടെ ജീവിതം മാറി മറിഞ്ഞു. യുവതാരങ്ങളെ മാത്രമല്ല ,കരിയറിന്റെ അവസാന കാലത്തെത്തിയ പ്രതിഭകളെ കണ്ടെത്തുന്നതില്‍ തന്നോളം കഴിവ് മറ്റാര്‍ക്കുമില്ലെന്ന് തെളിയിച്ച ദ്രാവിഡിന്റെ അമൂല്യ കണ്ടു പിടുത്തമായിരുന്നു പ്രവീണ്‍ വിജയ് താംബെ എന്ന 41 കാരനായ അപരിചിതനും.
അങ്ങനെ 2013 IPL ആരവങ്ങളിലേക്ക് താംബെയും എത്തി. ആ സീസണില്‍ എല്ലാവരെയും സംതൃപ്തരാക്കിയ പ്രകടനം നടത്തിയ താംബെയുടെ വിശ്വരൂപം കണ്ടത് അത വര്‍ഷം നടന്ന ചാംപ്യന്‍സ് ലീഗിലായിരുന്നു. 15 ഓവറെങ്കിലും എറിഞ്ഞ ബാളര്‍മാരില്‍ ഒരു സിക്‌സര്‍ പോലും വഴങ്ങാഞ്ഞ ഏക ബൗളര്‍. അശ്വിനും നരൈനും അടങ്ങിയ ലോകോത്തര ബാളര്‍മാരെ നിഷ്പ്രഭരാക്കി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുള്ള ഗോള്‍ഡന്‍ വിക്കറ്റ് അവാര്‍ഡ് വാങ്ങിയപ്പോള്‍ ക്രിക്കറ്റ് ലോകം അമ്പരന്നു ഈ 41 കാരന്റെ കഴിവ് കണ്ട്. ടൂര്‍ണെന്റിലെ അയാളുടെ ബൗളിങ് എക്കണോമിയായിരുന്നു ഏറ്റവും അതിശയകരം. ഓവറില്‍ 3.93. അടുത്ത സീസണില്‍ താംബെയെ നിലനിര്‍ത്താന്‍ രാജസ്ഥാന് ഒന്ന് ആലോചിക്കുക പോലും വേണ്ടി വന്നില്ല.
അടുത്ത സീസണില്‍ 2014 ല്‍ തന്റെ 42 മം മുന്നില്‍ താംബെ അഴിഞ്ഞാടി എന്നു വേണം പറയാന്‍. തന്റെ ആവനാഴിയില്‍ കുറെക്കൂടി പുതിയ അസ്ത്രങ്ങള്‍ നിറച്ചും, പഴയ ആയുധങ്ങള്‍ക്ക് മൂര്‍ച കുട്ടിയും എതിരാളികളെ വട്ടം കറക്കിയ താംബെ ആ ടുര്‍ണമെന്റ് അവിസ്മരണീയമാക്കി. ലോകത്തെ മികച്ച ബാറ്റ്‌സ്മാന്‍മാര്‍ മത്സര പരിചയം കുറഞ്ഞ ഈ മുതിര്‍ന്ന ബൗളര്‍ക്കു മുന്‍പില്‍ പരുങ്ങുന്ന കാഴ്ച കാണികള്‍ കൗതുകത്തോടെ നോക്കി നിന്നു. ആ പ്രകടനത്തിന് മേമ്പൊടിയായി നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഹാട്രിക്കും. IPL ല്‍ അരങ്ങേറിയ പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡിനു പുറമെ പ്രായം കൂടിയ ഹാട്രിക് എന്ന റെക്കോര്‍ഡും താംബെയുടെ പേരിലായി.
8 പന്തില്‍ കൊല്‍ക്കത്തയുടെ 6 വിക്കറ്റുകള്‍ പിഴുത് രാജസ്ഥാന്‍ 10 റണ്‍സിന്റെ അവിശ്വസനീയ വിജയം നേടിയപ്പോള്‍ താംബെയുടെ ഹാട്രിക് ഇരകള്‍ വാലറ്റക്കാരായിരുന്നില്ല . മനീഷ് പാണ്ഡെ, യൂസഫ് പത്താന്‍, ടെന്‍ടോഷെ എന്നീ മികച്ച ബാറ്റ്‌സ്മാര്‍ ആയിരുന്നു. മറ്റൊരു വലിയ പ്രത്യേകത ആ ഹാട്രിക് പിറന്നത് 3 പന്തില്‍ അല്ല , നിയമാനുസൃതമായ 2 പന്തുകളിലായിരുന്നു. ആദ്യം എറിഞ്ഞ ഗൂഗ്ലി വൈഡ് ആയിരുന്നു. അതില്‍ പാണ്ഡെയെ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നീട് തുടര്‍ച്ചയായ പന്തുകളില്‍ മറ്റു 2 പേരെയും പുറത്താക്കി.
ആ ടൂര്‍ണമെന്റില്‍ 25 മത്സരം പിന്നിട്ടപ്പോള്‍ പര്‍പ്പിള്‍ ക്യാപ്പ് തലയില്‍ വെച്ചിരുന്നതും മറ്റാരുമായിരുന്നില്ല. IPL നു ശേഷം ഡൊമസ്റ്റിക് ക്രിക്കറ്റിലും തിളങ്ങിയ താംബെക്ക് എടുത്ത് പറയാന്‍ പറ്റുന്ന T 10 ക്രിക്കറ്റ് ലീഗ് നേട്ടങ്ങളുമുണ്ട്. T 10 ലീഗില്‍ ഹാട്രിക്കും 5 വിക്കറ്റ് നേട്ടവും കൈവരിച്ച ആദ്യ താരം എന്ന ബഹുമതിയും അദ്ദേഹം കരസ്ഥമാക്കിയിരുന്നു .2010 ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ലൈസണ്‍ ഓഫീസര്‍ എന്ന നിലയില്‍ മാത്രം ഒരു ജോലി ഉണ്ടായിരുന്ന ഒരാളുടെ പിന്നീട് കണ്ട അമ്പരിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു ഇതൊക്കൊ. US ല്‍ ഒരു പ്രൈവറ്റ് T20 മാച്ചില്‍ വിലക്കിലായിരുന്ന മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഹമ്മദ് അഷ്‌റഫുളിനൊപ്പം ‘ കളിച്ച് വിവാദത്തിലും ഉള്‍പ്പെട്ടിരുന്നു താംബെ.
സാധാരണ ഗതിയില്‍ 35 ലും 37 ലും ക്രിക്കറ്റര്‍മാര്‍ വിരമിക്കുന്ന ഈ കാലഘട്ടത്തില്‍ തന്റെ 41 മം വയസിലും മനസില്‍ ചെറുപ്പം കാത്തു സൂക്ഷിച്ച് തന്റെ പ്രതീക്ഷകളെ ജ്വലിപ്പിച്ച് , കെടാതെ സൂക്ഷിച്ച് ഒടുവില്‍ കായിക ലോകത്തെ അമ്പരിപ്പിച്ച് തന്റെ സ്വപ്നങ്ങള്‍ സഫലമാക്കിയ ഈ കഠിനാധ്വാനിയുടെ ജീവിതം ഒരു പ്രചോദനമാണ് സ്വപ്നങ്ങളെ പാതി വഴിയില്‍ ഉപേക്ഷിച്ച് നിരാശപ്പെടുന്ന ഓരോ മനുഷ്യനും. ഇദ്ദേഹം ഒരു മത്സരത്തിലെങ്കിലും ഇന്ത്യന്‍ കുപ്പായമണിയണമായിരുന്നു എന്നാശിക്കാത്ത ഒരു ക്രിക്കറ്റ് പ്രേമിയുമുണ്ടാകില്ല.