വമ്പൻ ടീമുകൾക്കെതിരെ വലിയ ടൂർണമെൻ്റുകളിൽ ബാബർ അസം ഫോമിലേക്ക് ഉയരില്ലെന്ന് ഇന്ത്യൻ താരം വരുൺ ആരോൺ പറഞ്ഞിരിക്കുകയാണ് . 2024 ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ നായകൻ ബാബറും മുഹമ്മദ് റിസ്‌വാനും തങ്ങളുടെ ടീമിന്റെ പതനത്തിന് കാരണമായി എന്നും അദ്ദേഹം അവകാശപ്പെട്ടു.
ടി20 ലോകകപ്പിൽ സൂപ്പർ എട്ട് റൗണ്ടിൽ എത്താതെ പാകിസ്ഥാൻ പുറത്തായി. ബാബറും (122) റിസ്വാനും (110) മാത്രമാണ് ടൂർണമെൻ്റിൽ ടീമിനായി 50 റൺസിന് മുകളിൽ സ്‌കോർ ചെയ്‌തത്. സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചർച്ചയ്ക്കിടെ, 2024 ലെ ടി20 ലോകകപ്പിലെ പാക്കിസ്ഥാൻ്റെ മോശം ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് ആരണിനോട് ചോദിച്ചു.
“പാകിസ്ഥാൻ ബാബറിനെയും റിസ്‌വാനെയും അമിതമായി ആശ്രയിച്ചിരിക്കുന്നു. എന്നാൽ ബാബറും റിസ്‌വാനും പാകിസ്ഥാനെ നിരാശപ്പെടുത്തി. ബാബറിനെ കുറിച്ച് പറഞ്ഞാൽ അവൻ വലിയ ടീമുകൾക്ക് എതിരെ റൺ നേടില്ല. നിങ്ങളുടെ പ്രധാന കളിക്കാരന് തിളങ്ങാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്ത് പറയാനാണ്. വലിയ ടീമുകൾക്കെതിരെ നന്നായി കളിക്കാൻ താരത്തിന് ആകുന്നില്ല” ആരോൺ പറഞ്ഞു.
വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരിൽ നിന്ന് വ്യത്യസ്തമായി പാകിസ്ഥാൻ്റെ ബാറ്റർമാർ സമ്മർദ്ദ സാഹചര്യങ്ങൾ നേരിടാൻ ആഗ്രഹിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ പേസർ അഭിപ്രായപ്പെട്ടു.
“ഇന്ത്യയുടെ കാര്യമെടുത്താൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും സമ്മർദ്ദ സാഹചര്യങ്ങളിൽ നന്നായി കളിക്കാൻ ശ്രമിക്കുന്നവരാണ് . പാകിസ്ഥാൻ നിരയിലെ ഒരു ബാറ്റർക്കും സമ്മർദ്ദ നിമിഷങ്ങൾ ഇഷ്ടമില്ല. അവർ അതിൽ നിന്ന് ഓടിയൊളിക്കുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് സമ്മർദ്ദ സാഹചര്യങ്ങൾ നേരിടാൻ താരങ്ങൾ മുന്നോട്ട് വരണം ”ആരോൺ പറഞ്ഞു.