ദൈവം തന്നത് ദൈവം എടുത്തു ദൈവത്തിനു സ്തുതി.., ഇങ്ങനെ ആശ്വസിക്കാം മുംബൈ ഇന്ത്യന്‍സിന്. ആദ്യ രണ്ടോവര്‍ മോശമല്ലാതെ എറിഞ്ഞ് അടിച്ചു തകര്‍ത്ത് മുന്നേറിയ പ്രഭ്‌സിമ്രാന്‍ സിങിനെ മികച്ചൊരു യോര്‍ക്കറിലൂടെ എല്‍ബിഡബ്ല്യു ആക്കിയ അര്‍ജ്ജുനില്‍നിന്ന് 16 റാമത്തെ ഓവറില്‍ ഇതുപോലൊന്ന് ആരും പ്രതീക്ഷിക്കുന്നില്ലല്ലോ.
ലാസ്റ്റ് 30 ബോളില്‍ മുംബൈ ഇന്ത്യന്‍സ് വഴങ്ങിയത് 96 റണ്‍സാണ്. ഒരു പക്ഷെ അവരുടെ ഇതുവരെയുള്ള സര്‍വ്വകാല റെക്കോര്‍ഡ് ആയിരിക്കും. കാമറൂണ്‍ ഗ്രീന്‍ തന്റെ ലാസ്റ്റ് ഓവറില്‍ വഴങ്ങിയത് 25 റണ്‍സ്. കുരുക്കളില്‍ അമ്പുകൊള്ളാത്തവര്‍ ആരുമില്ലെന്ന് കുരുക്ഷേത്ര യുദ്ധവിവരണത്തില്‍ മഹാഭാരതത്തില്‍ പറയും പോലെയാണ് ലാസ്റ്റ് ഓവര്‍ എറിയാന്‍ വന്നവരുടെ അവസ്ഥ. ജോഫ്ര ആര്‍ച്ചര്‍ മുംബൈ ഇന്ത്യന്‍സില്‍ തന്റെ രണ്ടാം കളിയില്‍ 4ഓവറില്‍ 42 റണ്‍സ് വഴങ്ങി ആദ്യവിക്കറ്റ് നേടി പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണെന്നു തെളിയിച്ചു.
മുംബൈ ഇന്ത്യന്‍സ് ഈ സ്‌കോര്‍ മറികടക്കും എന്ന നിലയിലാണ് മുന്നേറ്റം നടത്തിയത്. ലാസ്റ്റ് ഓവറില്‍ 16 റണ്‍സ് മറികടന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നിരിക്കെ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷം. എണ്ണം പറഞ്ഞ അര്‍ഷ്ദീപ് സിങ് ആദ്യ ബോള്‍ സിംഗിള്‍, രണ്ടാം ബോള്‍ ബൗണ്‍സര്‍, മൂന്നാം ബോളില്‍ മുംബൈയുടെ വിശ്വസ്ത കളിക്കാരന്‍ തിലക് വര്‍മ്മയുടെ മിഡില്‍ സ്റ്റമ്പ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുന്നു. അടുത്ത ബോളില്‍ അതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിപോലെ കഥ ആവര്‍ത്തിച്ചു. രണ്ടു ബോളില്‍ 15 എന്നനിലയിലേക്ക് കഥമാറി.
ആ ലാസ്റ്റ് ഓവറില്‍ അര്‍ഷ്ദീപ് നിര്‍ണ്ണായകമായ രണ്ടു വിക്കറ്റ് വീഴ്ത്തി രണ്ടു റണ്‍സ് വഴങ്ങി
കളി മുംബൈ ഇന്ത്യന്‍സില്‍ നിന്നും തിരികെ വാങ്ങുന്നു. 7 വര്‍ഷത്തിനു ശേഷമാണ് മുംബൈയുടെ തട്ടകമായ വാങ്കഡെയില്‍ അവരെ പഞ്ചാബ് തോല്പിക്കുന്നത് .
ഈ ഐപിഎല്ലിന്‍റെ പ്രത്യേകത ഏതു ടീമും ആരെയും തോല്പിക്കാന്‍ ശേഷിയുള്ളവരാണെന്നതാണ്. 6-7 കളിക്കിപ്പുറത്ത് രണ്ടു കളിതോല്ക്കാത്ത ഒരു ടീമുമില്ല. വരും കളികളില്‍ ആരും ആര്‍ക്കുമുന്നിലും തോല്‍വി വഴങ്ങുന്നതു കാണാം.
എഴുത്ത്: മുരളി മേലേട്ട്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍