ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിനോടും എംഎസ് ധോണിയോടും ഉപമിച്ച് രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും പ്രശംസിച്ച് ഇതിഹാസ താരം കപില്‍ ദേവ്. ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഇരുവരും ടി20 ഫോര്‍മാറ്റില്‍നിന്നും വിരമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കപില്‍ ദേവിന്‍റെ പ്രശംസ.
ഇരുവരും പകരം വയ്ക്കാനില്ലാത്തവരാണെന്നും ടി20 ക്രിക്കറ്റില്‍ ആരാധകര്‍ അവരെ വളരെ മിസ്സ് ചെയ്യുമെന്നും മുന്‍ ലോകകപ്പ് ജേതാവ് ക്യാപ്റ്റന്‍ വിശ്വസിക്കുന്നു. ഇരുവര്‍ക്കും സന്തോഷകരമായ വിടവാങ്ങല്‍ ആയിരുന്നു ടി20 ലോകകപ്പ് കിരീട നേട്ടമെന്നും അവര്‍ക്ക് പകരം അവര് മാത്രമാണെന്നും കപില്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ ഒരു ഫോര്‍മാറ്റിലും വിരാടിന്റെയും രോഹിതിന്റെയും സ്ഥാനം എടുക്കാന്‍ ആര്‍ക്കും കഴിയില്ല. അവര്‍ ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ സേവകരായിരുന്നു. ഇരുവര്‍ക്കും സന്തോഷകരമായ വിടവാങ്ങല്‍ ആയിരുന്നു ടി20 ലോകകപ്പ് കിരീട നേട്ടം. സച്ചിന്‍ ടെണ്ടുല്‍ക്കറെയും എംഎസ് ധോണിയെയും പോലെയാണ് അവര്‍, പകരം വെക്കാനാകാത്തവര്‍- കപില്‍ ദേവ് ഐഎഎന്‍എസിനോട് പറഞ്ഞു.
രോഹിതും വിരാടും ടി20 ഫോര്‍മാറ്റിലെ മികച്ച രണ്ട് റണ്‍സ് സ്‌കോറര്‍മാരായാണ് വിരമിച്ചത്. ഇന്ത്യയ്ക്കായി 159 മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 140.89 സ്ട്രൈക്ക് റേറ്റോടെ 32.05 ശരാശരിയില്‍ 4231 റണ്‍സാണ് രോഹിത് നേടിയത്. 125 ടി20 മത്സരങ്ങള്‍ കളിച്ച വിരാട് കോഹ്ലി 48.69 ശരാശരിയിലും 137.04 സ്ട്രൈക്ക് റേറ്റിലും 4188 റണ്‍സ് നേടി. ടി20 കരിയറില്‍ ഒരു സെഞ്ച്വറിയാണ് കോഹ് ലി നേടിയിട്ടുള്ളത്.