അവർ ലോകത്തിലെ ഏറ്റവും മികച്ച ടീം, ബാറ്റർമാരും ബോളർമാരും ലോകോത്തര നിലവാരമുള്ളവർ; ഹാരി ബ്രൂക്ക് പറഞ്ഞതിൽ ആവേശത്തിൽ ആരാധകർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങൾ ജയിച്ച് തുല്യം നിന്ന പരമ്പരയിൽ അഞ്ചാം ഏകദിനത്തിൽ ആതിഥേയരെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 49 റൺസിന് തോൽപ്പിച്ചാണ് ഓസീസ് 3-2ന് പരമ്പര സ്വന്തമാക്കുന്നത്. ബ്രിസ്റ്റൽ, കൗണ്ടി ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 310 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗിൽ ഓസീസ് 20.4 ഓവറിൽ രണ്ടിന് 165 എന്ന നിലയിലെത്തുമ്പോൾ മഴ എത്തുക ആയിരുന്നു. മഴ മാറാൻ കൂട്ടാക്കാതെ നിന്നതോടെയാണ് ഡക്ക്‌വർത്ത് ലൂയിസ് നിയമം ഉപയോഗിച്ച് ഓസ്ട്രേലിയ വിജയികളായത്.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ പരമ്പര ജയിക്കുമെന്ന് ഉറപ്പിച്ച അവസരത്തിൽ ആയിരുന്നു പിന്നെയുള്ള 2 മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് തിരിച്ചുവന്നത്. അവസാന മത്സരത്തിൽ ബാറ്റിംഗ് പാളിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. എന്തായാലും മത്സരത്തിൽ ഓസ്ട്രേലിയ പൂർണ ആധിപത്യത്തിലേക്ക് വരുക ആയിരുന്നു.

മത്സരശേഷം ഓസ്‌ട്രേലിയൻ നായകൻ മാർഷ് പറഞ്ഞത് ഇങ്ങനെ- “ഇത് തീർച്ചയായും ഒരു തന്ത്രപരമായ പരമ്പരയായിരുന്നു. ഏറ്റവും ആവശ്യം ഉള്ളപ്പോൾ ഞങ്ങൾ പൂർണ മികവിലേക്ക് എത്തുക ആയിരുന്നു.” അദ്ദേഹം പറഞ്ഞു. എന്തായാലും ഓസ്‌ട്രേലിയയെ സംബന്ധിച്ച് വലിയ ഒരു പോസിറ്റീവ് തന്നെ ആയിരിക്കും ഈ പരമ്പര.

ഹാരി ബ്രൂക്ക് പറഞ്ഞത് ഇങ്ങനെയായിരുന്നു- ” ഒരുപാട് പോസിറ്റീവുകൾ ഞങ്ങൾക്ക് കിട്ടിയ പരമ്പര. അവർ ലോകത്തിലെ ഏറ്റവും മികച്ച ടീമാണ്, ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബൗളർമാർക്കും ബാറ്റർമാർക്കും എതിരെയാണ് ഞങ്ങൾ കളിച്ചത്.”