അവര്‍ സിറാജിനെ തടവുപുള്ളിയാക്കി, ഇന്ത്യന്‍ ടീമിന്റെ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തല്‍

2020-21ലെ ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യയെ സംബന്ധിച്ച് കടുത്ത പരീക്ഷണങ്ങളുടേതായിരുന്നു. കോവിഡ് കാരണമുള്ള നിയന്ത്രണങ്ങളും നായകന്‍ വിരാട് കോഹ്ലിയുടെ നാട്ടിലേക്കുള്ള മടക്കവുമൊക്കെ തീര്‍ത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തില്‍ ഇന്ത്യ ഓസിസ് മണ്ണില്‍ ചരിത്രജയം കുറിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പേസര്‍ മുഹമ്മദ് സിറാജ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ അധികരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് കുഷന്‍ ശങ്കറും ബോറിയ മജുംദാറും ചേര്‍ന്ന് രചിച്ച ‘മിഷന്‍ ഡൊമിനേഷന്‍: ആന്‍ അണ്‍ഫിനിഷ്ഡ് ക്വസ്റ്റ്’ എന്ന പുസ്തകം.

ഓസ്‌ട്രേലിയയിലെ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിടെയാണ് സിറാജിന്റെ അച്ഛന്‍ മരിച്ച വാര്‍ത്തയറിഞ്ഞത്. ടീമിലെ സഹതാരങ്ങളിലാര്‍ക്കും സിറാജിന്റെ റൂമില്‍ പോകാനോ ആശ്വസിപ്പിക്കാനോ കഴിയുമായിരുന്നില്ല. ഇന്ത്യന്‍ ടീം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന് കരുതി ഓരോ റൂമിന് മുന്നിലും പൊലീസുകാരെ നിയോഗിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനത്തിന് കാരണമായേക്കാവുന്ന തടവു പുള്ളികളെ പോലെയാണ് സിറാജ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കളിക്കാരെ അവര്‍ കണ്ടത്. അതിനാല്‍ വീഡിയോ കോളിലൂടെയാണ് ആ ദിവസങ്ങളില്‍ സഹതാരങ്ങള്‍ സിറാജിനോട് സംസാരിച്ചത്- പുസ്തകത്തില്‍ പറയുന്നു.

Read more

ക്വാറന്റൈനിടെ പലതവണ സിറാജ് പൊട്ടിക്കരഞ്ഞു. എന്നാല്‍ സിറാജ് വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. വളരെവേഗം താരം മനോനിലയും ശാന്തതയും വീണ്ടെടുത്തു. പിതാവിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ദൃഢനിശ്ചയത്തില്‍ എത്തിച്ചേര്‍ന്നതായും പുസ്തകത്തില്‍ വെളിപ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറിയ സിറാജ് 13 വിക്കറ്റുകളാണ് പരമ്പരയില്‍ ആകെ കൊയ്തത്. ഇന്ത്യയുടെ പരമ്പര ജയത്തില്‍ സിറാജിന്റെ പ്രകടനം നിര്‍ണായകമാവുകയും ചെയ്തു.