ഇന്ത്യന്‍ മദ്ധ്യനിരയില്‍ പൂജാരയും രഹാനേയും ചെയ്തത് ഇവര്‍ക്ക് ചെയ്യാനാകണം ; പകരക്കാരായി ടീമിലെത്തുന്നത് ഇവര്‍

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ സംബന്ധിച്ചിടത്തോളം ശ്രീലങ്കയ്ക്ക് എതിരേയുള്ള ടെസ്റ്റു മത്സരങ്ങള്‍ നായകനായി കരിയറിലെ ആദ്യ പരമ്പരയാണ്. വിരാട് കോഹ്ലിയില്‍ നിന്നും ടീമിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ രോഹിതിന് തലവേദനയാകുന്നതും മദ്ധ്യനിര. അജിങ്ക്യാ രഹാനേയും ചേതേശ്വര്‍ പൂജാരയും ടീമില്‍ ഇല്ലാത്ത സാഹചര്യത്തില്‍ മൂന്നാം നമ്പറിലും അഞ്ചാം നമ്പറിലും റണ്‍ സ്‌കോര്‍ ചെയ്യാന്‍ മിടുക്കുള്ള യുവതാരങ്ങളെ കണ്ടെത്തുകയാണ് പ്രധാന പ്രശ്‌നം.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഫോം നഷ്ടമായി വന്‍ സ്‌കോറുകള്‍ കണ്ടെത്താന്‍ പാടുപെടുന്ന സാചര്യത്തില്‍ ഇരുവരേയും രഞ്ജി ടീമില്‍ കളിച്ച് ഫോം വീണ്ടെടുക്കാനായി വിട്ടിരിക്കുകയാണ്. പൂജാരയുടെ പകരക്കാരനായി മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ എത്താനാണ് സാധ്യത. എന്നാല്‍ ഗില്ലിന്റെ സ്ഥാനം ശ്രേയസ് അയ്യര്‍ക്കും രഹാനേയുടെ പകരക്കാനായി അഞ്ചാം നമ്പറില്‍ എത്തുന്ന ഹനുമ വിഹാരിയ്ക്കും ഇടയില്‍ വേണോ എന്ന തരത്തിലുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

Read more

ന്യൂസിലന്റിനെതിരേ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയതാരമാണ് ശ്രേയസ് അയ്യര്‍. കുറേ നാളായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്ളയാളും ഏതാനും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുള്ളയാളാണ്  ഹനുമവിഹാരി. മായങ്ക് അഗര്‍വാള്‍, ഗില്‍, വിഹാരി, അയ്യര്‍ എന്നിവര്‍ ഇന്ത്യയുടെ ഭാവി ടെസ്റ്റ് ടീമിലെ വാഗ്ദാനമാണെന്നും ഇവര്‍ക്ക് തെളിയാനുള്ള അവസരം ഇന്ത്യ നല്‍കണമെന്നും രോഹിത് ശര്‍മ്മ പറയുന്നു. പൂജാര, രഹാനേ എന്നിവര്‍ ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തതാണെന്നും വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ശര്‍മ്മ പറഞ്ഞു.