മദ്ധ്യനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ ബാറ്റ്സ്മാന്‍ വരണം ; തന്ത്രങ്ങള്‍ നിര്‍ദേശിച്ച് വിരാട് കോഹ്‌ലിയുടെ പരിശീലകന്‍

ദക്ഷിണാഫ്രിക്കല്‍ ഇന്ത്യ നേരിട്ട തലവേദന വെസ്റ്റിന്‍ഡീസിനെതിരേയും പ്രതിഫലിക്കുമോ? ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രശ്‌നമായി മാറിയിരിക്കുന്ന ഇന്ത്യന്‍ ബാറ്റിംഗിന്റെ നടുവ് ശരിയാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയില്‍ അമ്പേ പാളിയ മദ്ധ്യനിര പ്രശ്‌നം പരിഹരിക്കാന്‍ തന്ത്രവുമായി എത്തുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന ശിഖര്‍ ധവാന്‍ ഓപ്പണിംഗില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെയ്ക്കുന്നതിനാല്‍ കെഎല്‍ രാഹുലിനെ മദ്ധ്യനിരയില്‍ കളിപ്പിക്കാനാണ് രാജ്കുമാര്‍ ശര്‍മ്മ ആവശ്യപ്പെടുന്നത്. വിരാട് കോഹ്ലി മൂന്നാമതും കെ.എല്‍. രാഹുല്‍ നാലാമതും ഇറങ്ങുന്നതാണ് ഉത്തമമെന്ന് അദ്ദേഹം പറയുന്നു. ശിഖര്‍ ധവാന്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മായങ്ക് അഗര്‍വാളിന് നായകന്‍ രോഹിതിനൊപ്പം ഓപ്പണിംഗില്‍ എത്താനാകും. അതുകൊണ്ടു തന്നെ കെ.എല്‍. രാഹുലിന്റെ മികവ് മദ്ധ്യനിരയ്ക്ക് മുതല്‍ക്കൂട്ടാകും.

Read more

അദ്ദേഹത്തിന്റെ പൊട്ടിത്തെറിച്ചുള്ള ബാറ്റിംഗ് ടീമിന്റെ സ്‌കോര്‍ കൂട്ടാനും ഉപകരിക്കുമെന്ന് കരുതുന്നു. ഇവര്‍ക്ക് പിന്നാലെ സൂര്യകുമാര്‍ യാദവും ഋഷഭ് പന്തും കൂടി വരുന്നതോടെ ഇന്ത്യന്‍ ടീമിന്റെ ലൈനപ്പ് മികച്ചതായി മാറും. വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര ആറാം തീയതി മുതലാണ് തുടങ്ങുന്നത്. അഹമ്മദാബാദില്‍ ഞായറാഴ്ചയാണ് ആദ്യ ഏകദിനം. മൂന്ന് മത്സരങ്ങളും ഒരേ വേദിയിലാണ് നടക്കുന്നത്. കൊല്‍ക്കത്തയിലാണ് ട്വന്റി20 മത്സരങ്ങള്‍ നടക്കുക.