രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകള്‍ കളിക്കുന്നതു പോലെ തന്നെ ഇന്ത്യ ഐസിസി ടൂര്‍ണമെന്റുകളിലും കളിക്കേണ്ടതുണ്ടെന്ന് ഇംഗ്ലീഷ് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. മുമ്പ് നടന്നതില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്നും ഭയമില്ലാതെ ഇന്ത്യയുടെ മുന്‍നിര ബാറ്റ് ചെയ്യണമെന്നും നാസര്‍ ഹുസൈന്‍ ഉപദേശിച്ചു.
‘ഇന്ത്യ അതിശക്തരായ ടീമാണ്. എന്നാല്‍ മുന്‍പ് നടന്നതില്‍നിന്ന് അവര്‍ പാഠം പഠിക്കണം. യുഎഇയില്‍ നടന്ന 2021 ലോക കപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഭയത്തോടെയാണു കളിച്ചത്. അതു മാറണം. മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ തുടങ്ങിയ ബാറ്റര്‍മാരുള്ളപ്പോള്‍ മുന്‍നിര ബാറ്റര്‍മാര്‍ ഭയപ്പെടേണ്ട കാര്യമില്ല.’
‘പാക് പേസര്‍ ഷഹീന്‍ അഫ്രിദി ദുബായില്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞത് ചരിത്രം പറയുന്നുണ്ട്.ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ കുറച്ചുകൂടി നന്നായി ബാറ്റു ചെയ്യണം. ഓള്‍ഡ് ട്രാഫഡില്‍ റീസ് ടോപ്ലി ഇന്ത്യയ്ക്കു മേല്‍ പ്രഹരമേല്‍പിച്ചു. ഓവലില്‍ 2017 ചാംപ്യന്‍സ് ലീഗില്‍ പാക്ക് താരം മുഹമ്മദ് ആമിറിനെതിരെ ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍മാര്‍ ബുദ്ധിമുട്ടി.’
‘ആമിറിനു മുന്നില്‍ ആദ്യ ഒന്‍പത് ഓവറുകളില്‍ മൂന്ന് ബാറ്റര്‍മാരെയാണ് ഇന്ത്യയ്ക്കു നഷ്ടമായത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകള്‍ കളിക്കുന്നതു പോലെ തന്നെ ഇന്ത്യ ഐസിസി ടൂര്‍ണമെന്റുകളിലും കളിക്കേണ്ടതുണ്ട്’ നാസര്‍ ഹുസൈന്‍ പറഞ്ഞു.
മാഞ്ചസ്റ്ററില്‍ ഞായറാഴ്ച ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. 2014ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ ടീം ഇന്ത്യ ഏകദിന പരമ്പര വിജയിക്കുന്നത്. പര്യടനത്തില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.