ജിതേഷ് പുരുഷോത്തമന്‍
ഒരു ഇതിഹാസം വിട പറയുമ്പോള്‍… 2003 ആഗസ്റ്റ് 6; സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ഒരു ഫ്രണ്ട്‌ലി മാച്ച് കളിക്കുവാനായി പോര്‍ട്ടുഗലിലെത്തിയതായിരുന്നു സര്‍ അലക്‌സ് ഫെര്‍ഗൂസണിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അതിനു മുമ്പുള്ള 4 ഫ്രണ്ട്‌ലി മത്സരങ്ങളും ജയിച്ചു വരുകയായിരുന്നു റെഡ് ഡെവിള്‍സ്. ലിസ്ബണില്‍ പുതുതായി പണികഴിപ്പിച്ച ജോസ് ആല്‍വലാഡെ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സ്‌പോര്‍ട്ടിംഗ് ലിസ്ബണിനെതിരെയുള്ള കളി. മാഞ്ചസ്റ്ററിന്റെ ഫസ്റ്റ് ഇലവനൊന്നുമായിരുന്നില്ല കളിക്കാനിറങ്ങിയത്. എന്നാലും ഫ്രഞ്ച് ഗോളി ബാര്‍ത്തേസും റിയോ ഫെര്‍ഡിനാന്റും ഷിയയും സില്‍വസ്‌ട്രേയും പോള്‍ ഷോള്‍സും നിക്കി ബട്ടും ഓലെ ഗുണ്ണറും അടങ്ങിയ ടീം ലോകോത്തരം തന്നെയായിരുന്നു. സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍ അതിനു മുന്‍പുള്ള നാല് കളിയും തോറ്റിട്ടുള്ള വരവും. ആരും അതുകൊണ്ട് തന്നെ മത്സരഫലത്തിന്റെ കാര്യത്തില്‍ അത്ഭുതമൊന്നും പ്രതീക്ഷിച്ചില്ല.
15 മത് മിനിറ്റില്‍ ബാഴ്‌സലോണയുടെ പഴയ മിഡ്ഫീല്‍ഡറായ ഫാബിയോയുടെ ഒരു തകര്‍പ്പന്‍ ഫ്രീകിക്ക് ബാര്‍ത്തേസ് കാക്കുന്ന ഗോള്‍ പോസ്റ്റിന്റെ തൊട്ടുമുകളില്‍ കൂടി മൂളിപ്പറന്നു പോയി. കളി പതുക്കെ ചൂടു പിടിച്ചു തുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അധികമാര്‍ക്കും അറിയാത്ത ഒരു പയ്യന്‍ പേരുകേട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍സിനെ മൊത്തം കളിയാക്കും വിധം ഡ്രിബിള്‍ ചെയ്തു മുന്നേറി റെഡ് ഡെവിള്‍ വലയെ ലക്ഷ്യമാക്കി നിറയൊഴിച്ചു. മിടുക്കനായ ബാര്‍ത്തേസിന് നന്നേ പണിപ്പെടേണ്ടി വന്നു ആ ഷോട്ട് തട്ടിയകറ്റുവാന്‍.
അതിശയിപ്പിക്കുന്ന ഊര്‍ജ്ജവും തളരാത്ത കാലുകളുമായി ഗ്രൗണ്ടിലെല്ലായിടത്തും പച്ചയും വെള്ളയും കലര്‍ന്ന സ്‌പോര്‍ട്ടിംഗ് ജേഴ്‌സിയില്‍ പറന്നു കളിക്കുന്ന ആ പയ്യന്‍ പിന്നെയും പിന്നെയും തന്റെ ഡ്രിബ്‌ളിംഗ് പാടവം കൊണ്ടു പരിചയ സമ്പന്നരായ റെഡ് ഡെവിള്‍സ് കളിക്കാര്‍ക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. മാഞ്ചസ്റ്റര്‍ പ്രതിരോധ നിരയാകെ ഈ കുരുത്തംകെട്ട ചെക്കനെ എങ്ങനെ തളക്കുമെന്നറിയാതെ ടോട്ടലി ഡിസ്ഓറിയന്റഡ് ആയി നില്‍ക്കുമ്പോള്‍ ആ അവസരം മുതലെടുത്ത് സ്‌പോര്‍ട്ടിംഗ് അവരുടെ ആദ്യ ഗോള്‍ നേടി. റിയോ ജോര്‍ജേയുടെ പാസ്സില്‍ നിന്നും ലൂയിസ് ഫിലിപ്പേയുടെ വക.
രണ്ടാം പകുതിയിലും കാര്യങ്ങള്‍ വ്യത്യസ്തമായില്ല. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ പേരുള്ള പോര്‍ട്ടുഗല്‍ അണ്ടര്‍ 21 താരമാണ് ഈ വണ്ടര്‍കിഡ് എന്ന് മാഞ്ചസ്റ്റര്‍ കളിക്കാരും ഫാന്‍സും മാനേജ്മെന്റും അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. അവന്‍ വീണ്ടും തുടരെ തുടരെ യുനൈറ്റഡ് ഗോള്‍ മുഖത്തേക്ക് കൊള്ളിയാന്‍ മിന്നുന്നതു പോലെ റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. പിന്റോയുടെ പാസ്സില്‍ നിന്നുള്ള റൊണാള്‍ഡോ ഷോട്ട് ബാര്‍ത്തേസ് ബുദ്ധിമുട്ടി കൈക്കലാക്കി.
തളര്‍ന്നു കൊണ്ടിരുന്ന മാഞ്ചസ്റ്റര്‍ നിരക്കു ഊര്‍ജ്ജം പകരുവാനായി ഫില്‍ നെവിലും ഡാരന്‍ ഫ്‌ലെച്ചറും ഡാനിയുമൊക്കെ ഇറങ്ങി. പക്ഷേ കളി അപ്പോഴും സ്‌പോര്‍ട്ടിംഗിന്റെ കൈവശം തന്നെയായിരുന്നു. പിന്റോയുടെ ഗോളിലൂടെ സ്‌പോര്‍ട്ടിംഗ് ലീഡ് ഉയര്‍ത്തിയതോടെ ഫെര്‍ഗൂസണിന് തന്റെ തുറുപ്പ് ചീട്ടായ നിസ്റ്റല്‍ റോയിയെ ഇറക്കേണ്ടി വന്നു. എന്നിട്ടും കാര്യങ്ങള്‍ക്കു മാറ്റമൊന്നും ഉണ്ടായില്ല. റൊണാള്‍ഡോയുടെ നീക്കങ്ങള്‍ എങ്ങനെ തടുക്കണമെന്ന് അവര്‍ക്കറിയില്ലായിരുന്നു. പിന്റോ പിന്നെയും ഗോള്‍ നേടി. സ്‌പോര്‍ട്ടിംഗ് 3 – മാഞ്ചസ്റ്റര്‍ 0.
അബദ്ധവശാല്‍ ഹ്യൂഗോ സ്വന്തം വലയില്‍ പന്തെത്തിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ ഒരു ആശ്വാസ ഗോള്‍ നേടി. സ്‌കോര്‍ 3-1 ആയി. കളി അവസാനിച്ചു കഴിഞ്ഞപ്പോള്‍ 2 ഗോളടിച്ച പിന്റോയോ ഫിലിപ്പേയോ ആയിരുന്നില്ല എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. അന്‍പതിനായിരത്തോളം വരുന്ന കാണികളുടെയും മാഞ്ചസ്റ്റര്‍ കളിക്കാരുടെയും ഒഫിഷ്യല്‍സിന്റെയും ശ്രദ്ധ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ആ അത്ഭുത ബാലനിലേക്കായിരുന്നു.
പന്തു കിട്ടുന്ന റൊണാള്‍ഡോ ഒരു നൊടിയിടക്കുള്ളില്‍ ജോണ്‍ ഓ ഷിയയെ ഒരു ഇന്‍ സൈഡ് ഔട്ടില്‍ കൂടി മറികടന്നു പോകുമ്പോള്‍ ബാക്കിയുളള യുണൈറ്റഡ് കളിക്കാര്‍ അത്ഭുതമൂറുന്ന ചിരിയോടെ നോക്കി നിന്നതിനെ പറ്റി പിന്നീട് ഒരിക്കല്‍ റയാന്‍ ഗിഗ്ഗ്‌സ് പറയുന്നുണ്ട്. യുണൈറ്റഡ് കളിക്കാരനായ മൈക്കല്‍ സില്‍വസ്‌ട്രേ പറയുന്നത് ആ രാത്രിയില്‍ ആര്‍ക്കുമറിയാത്ത ആ ബാലന്‍ ഞങ്ങളുടെ പ്രതിരോധത്തെ പിച്ചിച്ചീന്തി എന്നാണ്. ആര്‍ക്കും അവനെ തൊടുവാന്‍ കഴിഞ്ഞില്ല. അവന്‍ അത്രക്ക് ബ്രില്യന്റായിരുന്നു.
കളി കഴിഞ്ഞ് ഡ്രസ്സിംഗ് റൂമിലെത്തിയ റൊണാള്‍ഡോയെ കാത്തിരുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുടിചൂടാമന്നനായ മാനേജര്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന് അവനെ കാണാനാഗ്രഹിക്കുന്നു. അതിനായി മാഞ്ചസ്റ്ററിന്റെ ഡ്രസ്സിംഗ് റൂമിലേക്ക് ചെല്ലാനുള്ള ക്ഷണമായിരുന്നു. അവിടെയെത്തിയ റൊണാള്‍ഡോ യുണൈറ്റഡ് കളിക്കാരെ പരിചയപ്പെട്ടു. പിന്നീടെല്ലാം ക്ഷണനേരത്തില്‍ കഴിഞ്ഞു.
വളരെ ചെറിയ പ്രായത്തിലെ ടാലന്റ് തിരിച്ചറിയുവാന്‍ കഴിവുള്ള ഫെര്‍ഗൂസണ് തീരുമാനമെടുക്കുവാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ റോണോ ലണ്ടനിലെത്തി. ഒരാഴ്ചക്കുള്ളില്‍ 12 മില്യണ്‍ പൗണ്ടിന് റൊണാള്‍ഡോയുമായുള്ള കരാര്‍ യുണൈറ്റഡ് ഒപ്പിട്ടു. പിന്നീട് നടന്ന സംഭവങ്ങള്‍ ആധുനിക ഫുട്ബാള്‍ ചരിത്രത്തിന്റെ ഭാഗമാണ്. വിംഗുകളില്‍ ഒരു ചിത്രശലഭത്തെ പോലെ പറന്നു നടന്ന ആ ഫുട്ബാള്‍ അത്ഭുതം യുണൈറ്റഡിനായും പിന്നീട് റയലിനായും യുവാന്റസിനായും പോര്‍ട്ടുഗലിനായും ഗോളടിച്ചു കൂട്ടികൊണ്ടേയിരുന്നു. ലോകകപ്പ് വിജയം ഒഴികെ സകല ഫുട്‌ബോള്‍ ബഹുമതികളും സ്വന്തമാക്കി. എല്ലാവര്‍ക്കും അറിയാവുന്ന റെക്കോര്‍ഡുകളെ കുറിച്ച് ഞാന്‍ ഇവിടെ കുറിക്കുന്നില്ല.
ലോകകപ്പുകള്‍ക്കപ്പുറം ഇന്ത്യയില്‍ വിദേശ ലീഗുകളുടെ സംപ്രേക്ഷണം തുടങ്ങുന്നത് 2000 ത്തിന് ശേഷമാണെന്ന് തോന്നുന്നു. എന്റെ ഡെല്‍ഹി ജീവിതത്തിനിടയിലാണ് ഞാന്‍ ക്ലബ് മത്സരങ്ങള്‍ കണ്ടു തുടങ്ങുന്നത്. റൊണാള്‍ഡോയുടെയും മെസ്സിയുടെയും കാലഘട്ടത്തില്‍ ജീവിക്കുവാന്‍ കഴിഞ്ഞതും ആ അതുല്യപ്രതിഭകളുടെ പ്രകടനങ്ങള്‍ ലൈവായി കാണാന്‍ കഴിഞ്ഞതും ഒരു ഫുട്ബാള്‍ ആരാധകനെന്ന രീതിയില്‍ വലിയ ഭാഗ്യങ്ങളിലൊന്നായിട്ടാണ് ഞാന്‍ കരുതുന്നത്.
നമ്മളെയെല്ലാം കഴിഞ്ഞ 19 വര്‍ഷങ്ങള്‍ അതിശയിപ്പിച്ച, ആനന്ദിപ്പിച്ച, പോര്‍ച്ചുഗല്‍ എന്ന രാജ്യത്തിന്റെ പേരിനെ കേരളത്തിലെ ചെറിയഗ്രാമങ്ങളില്‍ പോലും സുപരിചിതമാക്കിയ ഈ അനുപമമായ കായികജീവിതം ഒരു കരച്ചിലല്ല അവസാനിക്കേണ്ടത്. He deserved a better farewell. Thanks Legend for all those amazing moments.
കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്