ഇംഗ്ലണ്ടിന്റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും (കെകെആർ) ഓൾറൗണ്ടർ മോയിൻ അലി നിലവിലെ ഏകദിന നിയമങ്ങളെ വിമർശിച്ചു രംഗത്ത്. രണ്ട് ന്യൂ ബോൾ എന്ന നിയമം ബാറ്റിംഗ് എളുപ്പമാക്കിയിട്ടുണ്ടെന്നും ഏകദിന ക്രിക്കറ്റ് ബുദ്ധിമുട്ടാകാനുള്ള ഒരു കാരണമാണിതെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഏകദിന നിയമങ്ങളിൽ ചിലത് വളരെ മോശം ആണെന്ന് പറഞ്ഞ അലി അവയിൽ ചിലത് മാറ്റാൻ സമയം ആയെന്നും പറഞ്ഞിരിക്കുകയാണ്. രണ്ട് പുതിയ പന്തുകൾ ഉള്ളത് കൊണ്ട് റിവേഴ്‌സ് സ്വിംഗ് സാധ്യത കുറവാണെന്നും അത് ബാറ്റ്‌സ്മാന്മാർക്ക് എളുപ്പത്തിൽ സ്കോർ ചെയ്യാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഏകദിന ക്രിക്കറ്റ് നശിക്കുക ആണോ എന്ന് ഒരാൾ എന്നോട് ചോദിച്ചു. എന്റെ അഭിപ്രായത്തിൽ, നിയമങ്ങൾ വളരെ മോശമാണ്. രണ്ട് പുതിയ പന്തുകൾ ഉപയോഗിക്കുന്നതിനാൽ, ബാറ്റ്‌സ്മാന്മാർക്ക് കാര്യങ്ങൾ എളുപ്പം അകലും. ബോളർമാർക്ക് ഒന്നും ചെയ്യാനും പറ്റില്ല” മോയിൻ പറഞ്ഞു.
ഈ നിയമങ്ങൾ പ്രകാരം ബൗളർമാർ സമ്മർദ്ദം വർദ്ധിപ്പിക്കാൻ പാടുപെടുന്നുവെന്നും അതിന്റെ ഫലമായി ബാറ്റിംഗ് ശരാശരി ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും താരം വിശദീകരിച്ചു.
“ഇപ്പോൾ ബാറ്റിംഗ് വളരെ എളുപ്പമായിരിക്കുന്നു. അതുകൊണ്ടാണ് പല കളിക്കാരുടെയും ശരാശരി 50, 60, അല്ലെങ്കിൽ 70 ആയി നില്കുനായ്. ബൗളർമാർ സമ്മർദ്ദം സൃഷ്ടിക്കാൻ പാടുപെടുന്നു, ലോകോത്തര സ്പിന്നർമാർ ഇല്ലെങ്കിൽ മധ്യ ഓവറുകളിൽ വിക്കറ്റ് എടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്,” അദ്ദേഹം പറഞ്ഞു. ഫീൽഡിംഗ് നിയന്ത്രണങ്ങളെയും അദ്ദേഹം വിമർശിച്ചു. അഞ്ച് ഫീൽഡർമാർക്കു പകരം നാല് ഫീൽഡർമാർ മാത്രം സർക്കിളിന് പുറത്ത് ഉള്ളതിനാൽ, ബാറ്റ്സ്മാൻമാർക്ക് വലിയ ഷോട്ടുകൾ അടിക്കാൻ എളുപ്പമാണ് എന്നും താരം ഓർമിപ്പിച്ചു.
“നേരത്തെ, 30 ഓവറുകൾക്ക് ശേഷം പഴയ പന്ത് റിവേഴ്‌സ് ചെയ്യാൻ തുടങ്ങി, ഇത് സിക്‌സും ഫോറം അടിക്കുന്നത് ബുദ്ധിമുട്ടാക്കി. എന്നാൽ ഇപ്പോൾ, ഏഴാം നമ്പർ ബാറ്റ്‌സ്മാൻ എന്ന നിലയിൽ പോലും, ഷോട്ടുകൾ കളിക്കുന്നത് എളുപ്പമായിരിക്കുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ക്രിക്കറ്റ് താരങ്ങളായ ലാൻസ് ക്ലൂസ്നറെയും എം.എസ്. ധോണിയെയും മോയിൻ പ്രശംസിച്ചു. പഴയ നിയമങ്ങൾ ആയിരുന്ന സമയത്ത് ബാറ്റിംഗ് ബുദ്ധിമുട്ട് ആയിരുന്നു എന്നും എന്നിട്ട് പോലും ഇരുവരും പവർ കൊണ്ട് സിക്സ് അടിച്ചിരുന്നു എന്നാണ് താരം പറഞ്ഞത്
“മുമ്പ്, ക്ലൂസ്നറിനെയും ധോണിയെയും പോലുള്ള കളിക്കാർക്ക് ശക്തിയോടെ പന്തുകൾ അടിക്കേണ്ടി വന്നു. പന്ത് പഴയത് ആകുമ്പോൾ സിക്സ് അടിക്കാൻ മാത്രമല്ല പന്ത് കാണാൻ പോലും ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും ഇവർ സിക്സുകൾ അടിച്ചുപറത്തി” മോയിൻ വിശദീകരിച്ചു.