2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രകടനത്തിന് നാല് യുവ ഇന്ത്യൻ കളിക്കാരെ മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി പ്രശംസിച്ചു. ഈ കളിക്കാർക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ വിജയം നേടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഐസിസി റിവ്യൂവിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ സഞ്ജന ഗണേശനുമായുള്ള സംഭാഷണത്തിനിടെയാണ് ശാസ്ത്രി തന്റെ അഭിപ്രായങ്ങൾ പറഞ്ഞത്.
ആയുഷ് മാത്രെ (സിഎസ്‌കെ), വൈഭവ് സൂര്യവംശി (ആർആർ), പ്രിയാൻഷ് ആര്യ (പിബികെഎസ്), പ്രഭ്‌സിമ്രാൻ സിംഗ് (പിബികെഎസ്) എന്നിവർ ആണ് ശാസ്ത്രിക്ക് മതിപ്പ് തോന്നിയ നാല് താരങ്ങൾ. താരങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“ഇതിൽ വൈഭവവിന് 14 ഉം പ്രിയാൻഷ് ആര്യയ്ക്ക് 17 ഉം മാത്രമാണ് പ്രായം. രണ്ട് താരങ്ങൾ പന്ത് ശക്തമായി അടിക്കുന്നു. സിഎസ്‌കെയ്‌ക്കെതിരായ ഒരു സെഞ്ച്വറിയുൾപ്പെടെ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് ആര്യ 300 റൺസ് നേടി. ഡൽഹി പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ, 10 മത്സരങ്ങളിൽ നിന്ന് 67.56 ശരാശരിയിൽ 608 റൺസ് അദ്ദേഹം നേടി തിളങ്ങിയിരുന്നു.”
ഒമ്പത് മത്സരങ്ങളിൽ നിന്ന് 170 സ്ട്രൈക്ക് റേറ്റിൽ പ്രഭ്‌സിമ്രാൻ തുടക്കം മുതൽ ആക്രമിച്ച് കളിക്കാൻ ഇഷ്ടപെടുന്ന താരമാണ്. 17 വയസ്സുള്ള മാത്രെ 15 പന്തിൽ നിന്ന് 4 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 32 റൺസ് നേടി മുംബൈക്ക് എതിരെ തിളങ്ങിയിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അദ്ദേഹം 19 പന്തിൽ നിന്ന് 30 റൺസ് നേടി. ”മുംബൈ ഇന്ത്യൻസിനെതിരെ പതിനേഴുകാരനായ താരം മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തെ ശരിയായി കൈകാര്യം ചെയ്താൽ അദ്ദേഹത്തിന് ഒരുപാട് ദൂരം മുന്നോട്ട് പോകാൻ കഴിയും.”
വൈഭവ് സൂര്യവംശി ആകട്ടെ കിട്ടിയ രണ്ട് അവസരങ്ങളിലും സ്പാർക്ക് കാണിച്ചു “സീസണിൽ കളിച്ച ആദ്യ മത്സരത്തിൽ ആദ്യ പന്തിൽ അദ്ദേഹം നേടിയ സിക്‌സ് അതിശയിപ്പിക്കുന്നതായിരുന്നു. അദ്ദേഹം ചെറുപ്പമാണ്, കളിക്കാൻ അനുവദിക്കണം. അദ്ദേഹം പരാജയപ്പെടും, തിരിച്ചടികൾ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് കാണേണ്ടത് പ്രധാനമാണ്.” മുൻ ഇന്ത്യൻ പരിശീലകൻ പറഞ്ഞു.
സൂര്യവംശിയെ 1.1 കോടി രൂപയ്ക്ക് ആണ് ആർആർ ടീമിൽ എത്തിച്ചത്. വമ്പൻ മത്സരം നടക്കുന്ന ഇന്ത്യൻ ടി 20 ടീമിൽ ഇടം നേടുക എന്നത് താരത്തിന് വമ്പൻ ടാസ്ക്ക് തന്നെ ആകും എന്ന് ഉറപ്പാണ്.