ലോകകപ്പിൻ്റെ ഒമ്പതാം പതിപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എല്ലാവരും നോക്കി കാണുന്നത് ജൂൺ 9 ന് ന്യൂയോർക്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ്. ബേസ്‌ബോളും ബാസ്‌ക്കറ്റ്‌ബോളും ആധിപത്യം പുലർത്തുന്ന മണ്ണിൽ ആദ്യമായി യുഎസ്എ ഒരു ബിഗ് ടിക്കറ്റ് ക്രിക്കറ്റ് ടൂർണമെൻ്റിനെ സ്വാഗതം ചെയ്യുകയും സഹ-ആതിഥ്യം വഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കായികരംഗത്തെ പരമ്പരാഗത എതിരാളികളായ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്നതിനെക്കാൾ വലിയൊരു പരസ്യം ഈ ഗെയിമിന് ഉണ്ടാകില്ല.
ടൂർണമെൻ്റിൻ്റെ ആരംഭത്തിന് മുമ്പ് ഇവൻ്റിൻ്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സ് ഷോയിൽ ലോകകപ്പ് ജേതാക്കളായ ഹർഭജൻ സിംഗ്, ഇർഫാൻ പത്താൻ, മിസ്ബാ-ഉൾ-ഹഖ് എന്നിവർ ടൂര്ണമെന്റുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞു. മിസ്ബാ പറഞ്ഞത് ഇങ്ങനെയാണ്: “പാകിസ്ഥാൻ-ഇന്ത്യ മത്സരങ്ങളിൽ സമ്മർദത്തെ അതിജീവിക്കുന്നവർക്കാണ് ജയം. ഇന്ത്യക്ക് വമ്പൻ ആധിപത്യമാണ് ലോകകപ്പ് മത്സരങ്ങളിൽ കിട്ടുന്നത്. ഇത്തവണ കോഹ്‌ലി പാകിസ്ഥാന് ഭീഷണി ഉണ്ടാക്കും.” ഷോയിൽ മിസ്ബ പറഞ്ഞു.
“അവൻ (കോഹ്‌ലി) വിഷമകരമായ സാഹചര്യങ്ങളിൽ നന്നായി കളിക്കുന്ന താരമാണ്. നിങ്ങൾ കഴിഞ്ഞ ലോകകപ്പിനെക്കുറിച്ച് പറഞ്ഞാലും, എതിരാളിയുടെ കയ്യിൽ നിന്ന് ഗെയിം തട്ടിയെടുത്തു. അത്തരം കളിക്കാർ എപ്പോഴും അപകടകാരികളാണ്. നിങ്ങൾ ആദ്യം അതിനെക്കുറിച്ച് ചിന്തിക്കണം. പാകിസ്ഥാൻ ടീമിന് അത് നന്നായി അറിയാം.”
ടി20 ലോകകപ്പിൻ്റെ ഈ പതിപ്പിൽ ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുമെന്ന് താൻ കരുതുന്ന ബൗളറുടെ പേരും മിസ്ബ പറഞ്ഞു. ബുംറ ഈ ലോകകപ്പിലും പാകിസ്താനെതിരെയുള്ള മത്സരത്തിലും അപകടം സൃഷ്ടിക്കും എന്നാണ് മിസ്ബാ അഭിപ്രായപ്പെട്ടത്