1996 ടൈറ്റാൻ കപ്പ് ത്രിരാഷ്ട്ര ടൂർണമെന്റ് അധികമാരും ചർച്ച ചെയ്തു കാണുന്നില്ല,400 -450 പോലും സുരക്ഷിതമായ ടോട്ടൽ അല്ലാത്ത ഇക്കാലത്തു, സച്ചിൻ നായകനായ ആദ്യ ഏകദിന ടൂർണമെന്റിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ 220 എന്ന സ്കോർ പ്രതിരോധിച്ചു ഇന്ത്യ ഫൈനലിൽ അതികായന്മാരായ സൗത്ത് ആഫ്രിക്കയെ 35 റൺസിന് തോൽപിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസമുണ്ടാകും.
തന്റെ മാസ്മരികമായ ബൗളിങ്ങിലൂടെ അനിൽ കുംബ്ലെയാണ് സൗത്ത് ആഫ്രിക്കയെ കറക്കി വീഴ്ത്തിയത്.8.2 ഓവറിൽ വെറും 25 റൺസ് വഴങ്ങി ഗ്യാരി കിർസ്റ്റൻ,ജോന്റി റോഡ്സ് ,സിംകോക്സ് അടക്കമുള്ള 4 പ്രധാന വിക്കറ്റുകൾ നേടിയ കുംബ്ലെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. റോബിൻ സിംഗ്,പ്രസാദ് എന്നിവർ ഉജ്ജ്വലമായി പന്തെറിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ഫീൽഡിങ്ങും മനോഹരമായിരുന്നു.
67 റൺസ് നേടിയ സച്ചിനായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ,കമന്ററി ബോക്സിൽ നിലവിൽ സ്വയം അജയ്യനായി ഭാവിക്കുന്ന മഞ്ജരേക്കർ 31 ബോളിൽ 7 റൺസ് നേടി തന്റെ ”വിലയേറിയ സംഭാവന” ടീമിന് നൽകി. ഹോം ഗ്രൗണ്ടിൽ നടന്ന ഈ ഫൈനൽ ഇന്ത്യൻ ജേഴ്സിയിൽ അദ്ദേഹത്തിന്റെ അവസാന ഏകദിനം കൂടി ആയിരുന്നു.
ഓസ്ട്രേലിയ കൂടി ഉൾപ്പെട്ട ഈ സീരീസിൽ 6 മത്സരത്തിൽ നിന്ന് 5 തോൽവികൾ ഏറ്റു വാങ്ങിയ അവർ (ഒരെണ്ണം ഫലമില്ലാതായി) ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിലെ മത്സരത്തിൽ കുംബ്ലെയും ശ്രീനാഥും ചേർന്ന് നടത്തിയ ഒൻപതാം വിക്കറ്റിലെ 52 റൺസ് പാർട്ണർഷിപ്പിൽ 2 വിക്കറ്റ് പരാജയം കൂടി രുചിച്ചു, ഓസ്ട്രേലിയയെ സംബന്ധിച്ച് അവരുടെ ഏറ്റവും മോശം ടൂർണമെന്റായിരിക്കും ഒരു പക്ഷെ ഇത്. ആദം ഗിൽക്രിസ്റ് എന്ന സൂപ്പർ മാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ആദ്യ ടൂർണമെന്റായിരുന്നു ടൈറ്റാൻ കപ്പ്.
സുജിത് സോമസുന്ദർ എന്ന താരത്തിന്റെ ആദ്യത്തെയും അവസാനത്തെയും ടൂർണമെന്റ് കൂടി ആയി ഇത്, ഒരു കാലത്തു ഇന്ത്യൻ ക്രിക്കറ്റിനെ പിന്നോട്ടടിച്ച പ്രാദേശിക വാദം ഈ ടൂർണമെന്റിൽ ശക്തമായി കാണാം, ഭൂരിഭാഗം താരങ്ങളും ബോംബെ ,ബാംഗ്ളൂർ ദേശക്കാരായിരുന്നു, 2000 -ൽ ഗാംഗുലി ക്യാപ്റ്റൻ ആയ ശേഷമാണു ഈ അവസ്ഥയ്ക്ക് വലിയൊരളവു മാറ്റം വന്നതെന്ന് നിസംശയം പറയാം.
എഴുത്ത്: കുര്യച്ചൻ കുറ്റിയിൽ
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ