ഓസ്‌ട്രേലിയ ടി20 പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം അജയ് ജഡേജ. ആദ്യ മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോഴേക്കും കിഷന് വിശ്രമം ആവശ്യമായതിനാലാണോ പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയതെന്നു ചോദിച്ച ജഡേജ ഇന്ത്യന്‍ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞു.
മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോഴേക്കും കിഷന് ക്ഷീണമായോ. അതോ കിഷന്‍ വിശ്രമം ആവശ്യപ്പെട്ടോ. ലോകകപ്പില്‍ രണ്ട് കളികളില്‍ മാത്രം കളിച്ച കിഷന്‍ ഇത്ര പെട്ടെന്ന് ക്ഷീണിതനായതാണോ കാരണം. ലോകകപ്പില്‍ തന്നെ രണ്ട് മത്സരങ്ങളില്‍ കൂടുതല്‍ അയാള്‍ സ്ഥാനം അര്‍ഹിച്ചിരുന്നു.
തന്റേതായ ദിവസം കളി മാറ്റിമറിക്കാന്‍ കഴിവുള്ള കളിക്കാരനാണ് കിഷന്‍. ഏകദിന ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള എത്ര കളിക്കാരുണ്ട്. ഇനി എന്നാണ് കിഷന് പ്ലേയിങ് ഇലവനില്‍ സ്ഥിരമായി അവസരം ലഭിക്കുക. അതോ എപ്പോഴും പരീക്ഷണം നടത്താനുള്ള കളിക്കാരനാണോ അദ്ദേഹം.
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ എത്ര മത്സരങ്ങളില്‍ കിഷന്‍ കളിച്ചിട്ടുണ്ടാകും. ഇത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇന്നത്തെ പ്രശ്‌നമല്ല. നമ്മള്‍ പലപ്പോഴും കളിക്കാരെ തിരഞ്ഞെടുക്കുന്നത് കളിപ്പിക്കാനല്ല, ഒഴിവാക്കാന്‍ വേണ്ടിയാണ് അജയ് ജഡേജ പറഞ്ഞു.