IPL 2025: ഇന്ത്യയുടെ ആ സൂപ്പര്‍താരം ഓസ്‌ട്രേലിയന്‍ ടീമില്‍ ആയിരുന്നെങ്കില്‍ പൊളിച്ചേനെ, ആഗ്രഹം തുറന്നുപറഞ്ഞ് ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്

ഓസ്‌ട്രേലിയന്‍ ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് ട്രാവിസ് ഹെഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എത്തുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലേലത്തില്‍ എടുത്ത താരം ടീമിനായി കഴിഞ്ഞ സീസണില്‍ എല്ലാം ശ്രദ്ധേയ പ്രകടനമാണ് നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യ മത്സരത്തില്‍ നേടിയ അര്‍ധസെഞ്ച്വറി മാത്രമാണ് ഹെഡിന്റെതായി എടുത്ത പറയത്തക്ക ഇന്നിങ്‌സ്.

അതേസമയം ഇന്ത്യന്‍ ടീമിലെ തന്റെ ഇഷ്ടതാരം ആരെന്ന് തുറന്നുപറയുകയാണ് ഓസ്‌ട്രേലിയന്‍ താരം. രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിലെ തന്റെ ഇഷ്ടതാരമെന്നാണ് ഹെഡ് വെളിപ്പെടുത്തിയത്. രോഹിത് ഓസ്‌ട്രേലിയന്‍ ടീമിലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി എന്നും ട്രാവിസ് ഹെഡ് പറഞ്ഞു. ശാന്തമായ പെരുമാറ്റം, ഗംഭീരമായ സ്‌ട്രോക്ക് പ്ലേ, മികച്ച നേത്യത്വം ഉള്‍പ്പെടെയുളള രോഹിതിന്റെ സവിശേഷതകളാണ് ഹെഡിനെ ഹിറ്റ്മാന്റെ ഫാനാക്കി മാറ്റിയത്.

നാളെ പഞ്ചാബ് കിങ്‌സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഈ മാച്ചില്‍ എങ്കിലും ഹെഡ് തിളങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണിങ് വിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് ട്രാവിസ് ഹെഡ് കാഴ്ചവച്ചിരുന്നത്. ഹൈദരാബാദ് കഴിഞ്ഞ തവണ ഐപിഎല്‍ ഫൈനലില്‍ എത്തിയതില്‍ നിര്‍ണായക പങ്കാണ് ഹെഡ് വഹിച്ചിരുന്നത്. എന്നാല്‍ മുന്‍ സീസണിലെ ഗംഭീര പ്രകടനം ഈ സീസണില്‍ ആവര്‍ത്തിക്കാന്‍ താരത്തിന് സാധിക്കുന്നില്ല. ഇത് ഹൈദരാബാദ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിട്ടുണ്ട്.

Read more