ട്രാവിസ് ഹെഡ് സെഞ്ച്വറി അടിക്കാൻ കാരണം അവൻ ഒറ്റ ഒരുത്തൻ ചെയ്ത മണ്ടത്തരം, പണി പാളുകയാണ് അദ്ദേഹം ഉള്ളപ്പോൾ: ഹർഭജൻ സിംഗ്

“ഇന്ത്യയെ എപ്പോൾ കിട്ടിയാലും അടിച്ചോടിക്കുക, എതിർ ടീം നായകൻ രോഹിത് ശർമ്മ ആണെങ്കിൽ പറയുകയും വേണ്ട ” ഇത് വായിച്ചപ്പോൾ തന്നെ ആളെ മനസിലായി കാണും, ഇങ്ങനെ ഒരു ഹോബി ഉള്ള ഒരു താരമേ ഉള്ളു, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്. ഇന്ത്യക്ക് എതിരെ സമീപകാലത്തെ ഓസ്‌ട്രേലിയയുടെ എല്ലാ വിജയങ്ങളിലും ഹെഡിനോളം പങ്ക് വഹിച്ച താരം ഇല്ല. രണ്ടാം ടെസ്റ്റിലും ഇപ്പോഴിതാ മൂന്നാം ടെസ്റ്റിലും സെഞ്ചുറികൾ നേടി ഇന്ത്യയെ ബുദ്ധിമുട്ടിച്ച ഹെഡിന്റെ ബാറ്റിംഗിനെ ഏവരും പ്രശാസിക്കുമ്പോൾ അതിന് സഹായിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ തീരുമാനങ്ങൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഹർഭജൻ സിംഗ്.

ഇതുവരെയുള്ള 4 ഇന്നിങ്സിൽ നിന്നായി 300 റൺസിന് അപ്പുറം ഹെഡ് ഇതുവരെ നേടി കഴിഞ്ഞു, ക്രീസിൽ സെറ്റ് ആയാൽ എതിരാളികളരെ നിലംപരിശാക്കുന്ന ബാറ്റിംഗ് ശൈലിക്ക് പേരുകേട്ട ഹെഡിന് എതിരെ ബാക്കപ്പ് പ്ലാനുകൾ ഇല്ല എന്നുള്ളതാണ് രോഹിത് ശർമ്മ നേരിട്ട ഏറ്റവും വലിയ വിമർശനം. ഹർഭജൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ:

“ട്രാവിസിനെതിരെ ജസ്പ്രീത് ബുംറയെ ഇറക്കാതിരുന്നത് വഴി ഇന്ത്യ വലിയ തെറ്റാണ് ചെയ്തത്. ക്രീസിലെത്തിയപ്പോൾ, നിതീഷ് കുമാർ റെഡ്ഡിയും രവീന്ദ്ര ജഡേജയും ചേർന്നാണ് അദ്ദേഹത്തെ വരവേറ്റത്. അത് താരത്തെ സ്വതന്ത്രമാക്കാൻ അനുവദിച്ചു.”

“ട്രാവിസ് ഹെഡിനെപ്പോലുള്ള ഒരു കളിക്കാരൻ ബാറ്റ് ചെയ്യുമ്പോൾ, അവനു പന്തെറിയാൻ നിങ്ങളുടെ ഏറ്റവും മികച്ച ബൗളറെ വേണം, മറ്റുള്ളവരല്ല. പരമ്പരയിൽ തുടർച്ചയായ മൂന്നാം തവണയും അദ്ദേഹത്തിനെതിരെ ഇന്ത്യ നന്നായി ബൗൾ ചെയ്യാത്തതിനാൽ കനത്ത വില നൽകേണ്ടി വന്നു. അവൻ അപകടകാരിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ”ഹർഭജൻ സിംഗ് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

എന്തായാലും ഹെഡിനെ പൂട്ടാനുള്ള പൂട്ടൊന്നും കണ്ട് പിടിച്ചില്ലെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ഉറപ്പാണ്.