ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പട്ടികയിലേക്ക് രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്തിയതോടെ അടുത്ത സീസണിൽ ഐ.പി.എൽ വലിയ രീതിയിൽ വിപുലീകരിക്കാൻ പദ്ധതിയുണ്ട്. പക്ഷെ വളരെ തിരക്കേറിയ മത്സരങ്ങൾ അല്ലാതെ തന്നെ കളിക്കുന്ന ഇന്ത്യക്ക് ഇത്തരത്തിൽ ഐ.പി. എൽ വിപുലീകരിക്കുന്നതോടെ ജോലി ഭാരം കൂടുമെന്നും കരുതപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടക്കുന്നുണ്ട്. 2021 ൽ, രണ്ട് വ്യത്യസ്ത സീനിയർ ക്രിക്കറ്റ് ടീമുകൾ ഒരേ സമയം പോരാട്ടത്തിന് ഇറങ്ങിയിരുന്നു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഇംഗ്ലണ്ടിലായിരുന്നപ്പോൾ, ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള മറ്റൊരു ടീം ശ്രീലങ്കയ്‌ക്കെതിരെ പോരാടി.
ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) സെക്രട്ടറി ജയ് ഷാ പറയുന്നതനുസരിച്ച്, ജോലിഭാരം നിയന്ത്രിക്കാനും രണ്ട് വ്യത്യസ്ത ടീമുകളെ ഫീൽഡ് ചെയ്യാനും ഇന്ത്യൻ ക്രിക്കറ്റിന്റെ പട്ടികയിൽ മതിയായ കളിക്കാർ ഉണ്ടാകുമെന്നതിനാൽ ക്രിക്കറ്റ് ആരാധകർക്ക് ഭാവിയിൽ സമാനമായ രീതിയിൽ ഒരേ സമയം രണ്ട് ടീമുകൾ കളത്തിലരിക്കാൻ സാധ്യതയുണ്ട്.
“ഞാൻ എൻസിഎ മേധാവി വിവിഎസ് ലക്ഷ്മണുമായി ചർച്ച നടത്തിയിട്ടുണ്ട്, ഞങ്ങളുടെ പട്ടികയിൽ എപ്പോഴും 50 കളിക്കാർ ഉണ്ടാകും. ഭാവിയിൽ, ഇന്ത്യൻ ടെസ്റ്റ് ടീം ഒരു രാജ്യത്ത് ഒരു പരമ്പരയും വൈറ്റ്-ബോൾ ടീം മറ്റൊരു രാജ്യത്ത് ഒരു പരമ്പരയും കളിക്കുന്ന ഒരു സാഹചര്യം നിങ്ങൾക്കുണ്ടാകും. ഒരേ സമയം രണ്ട് ടീമുകൾ കളത്തിലറങ്ങുന്ന രീതിയാണ് ഞങ്ങൾ തയാറാക്കുന്നത് ”അദ്ദേഹം പിടിഐയോട് പറഞ്ഞു.
‘‘ലോക ക്രിക്കറ്റ് ശക്തമായിരിക്കുന്നിടത്തോളം കാലം ഇന്ത്യൻ ക്രിക്കറ്റും ശക്തമായിരിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. രാജ്യാന്തര ക്രിക്കറ്റിന്റെ കാര്യത്തിൽ ബിസിസിഐയ്ക്ക് കൃത്യമായ ഉത്തരവാദിത്തമുണ്ട്. ഓസ്ട്രേലിയയ്‌ക്കെതിരെയോ ഇംഗ്ലണ്ടിനെതിരെയോ മാത്രം കളിക്കുന്ന തരത്തിലുള്ള ഉത്തരവാദിത്തമല്ല അത്. ചെറിയ ടീമുകൾക്കെതിരെയും നമ്മൾ പരമ്പരകൾ കളിക്കും”.
കൂടുതൽ യുവതാരങ്ങൾക്ക് അവസരങ്ങൾ കിട്ടുമെന്നതിനാൽ തന്നെ വലിയ പിന്തുണയാണ് ഷാ പറഞ്ഞ വാക്കുകൾക്ക് കിട്ടുന്നത്. എന്നാൽ ഐ.പി.എൽ രണ്ടരമാസം ആകുന്ന തീരുമാനത്തെ പാകിസ്ഥാൻ ബോർഡ് ഉൾപ്പടെ ഉള്ളവർ എതിർക്കുന്നുണ്ട്.