പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഉടക്കി മുന്‍ താരം ഉമര്‍ അക്മല്‍ രാജ്യം വിട്ടതായി റിപ്പോര്‍ട്ടുകള്‍. 31 കാരനായ ഉമര്‍ ലീഗ് ക്രിക്കറ്റ് കളിക്കാന്‍ യുഎസിലേക്കാണ് ചേക്കേറുന്നത്. കാലിഫോര്‍ണിയയിലെ നോര്‍ത്തേണ്‍ ക്രിക്കറ്റ് അസോസിയേഷനുമായി ഉമര്‍ കരാര്‍ ഒപ്പിട്ടതായാണ് വിവരം.
ഒത്തുകളി സംഘം സമീപിച്ചത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചതിന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പാകിസ്ഥാന്‍ താരം ഉമര്‍ അക്മലിന്റെ വിലക്ക് ഓഗസ്റ്റിലാണ് നീങ്ങിയത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിക്കാന്‍ സംഘം സമീപിച്ച വിവരം ഉമര്‍ അക്മല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതെ മറച്ചുവെയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ഇതില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഫസല്‍ ഇ മിരാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി വിലക്കിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. വിലക്കു തീര്‍ന്നതിനു ശേഷം പിസിബി ക്രിക്കറ്റ് അസോസിയേഷന്‍ ടി20 ടൂര്‍ണമെന്റില്‍ കളിച്ചെങ്കിലും താരത്തിന് തിളങ്ങാനായിരുന്നില്ല.
2019 ല്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലാണ് ഉമര്‍ അവസാനമായി പാകിസ്ഥാനു വേണ്ടി കളിച്ചത്. 16 ടെസ്റ്റില്‍ നിന്ന് 1003 റണ്‍സും 121 ഏകദിനത്തില്‍ നിന്ന് 3194 റണ്‍സും 84 ടി20യില്‍ നിന്ന് 1690 റണ്‍സും ഉമര്‍ നേടിയിട്ടുണ്ട്.