ബിസിസിഐ ഓള്‍ഡ് എന്നു പറഞ്ഞ് അന്താരാഷ്ട്ര ടീമില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്ന ഉമേഷ് യാദവ് ഐപിഎല്ലില്‍ ഗോള്‍ഡായി മാറിയപ്പോള്‍ പഞ്ചാബ് കിംഗസ് ഇലവന് വന്‍ തകര്‍ച്ച. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ടാം വിജയം 138 റണ്‍സ് അകലെ. തങ്ങളുടെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ കെകെആര്‍ 137 റണ്‍സിന് പുറത്താക്കി. നാലു വിക്കറ്റുമായി മത്സരത്തില്‍ പഞ്ചാബിന് കനത്ത നാശം വരുത്തിയത് പേസ് ബൗളര്‍ ഉമേഷ് യാദവായിരുന്നു.
മായങ്ക് അഗര്‍വാളിനെ ആദ്യ ഓവറില്‍ പുറത്താക്കിയ ഉമേഷ് രണ്ടാം വരവില്‍ ലിയാം ലിവിംഗ്‌സ്റ്റണെ സൗത്തിയുടെ കയ്യിലും എത്തിച്ചു. മൂന്നാമത്തെ ഓവറില്‍ ഹര്‍പ്രീത് ബ്രാറനെ ക്ലീന്‍ ബൗള്‍ ചെയ്ത താരം തൊട്ടടുത്ത പന്തില്‍ രാഹുല്‍ ചഹറിനെ റണ്‍സ് എടുക്കും മുമ്പ് സ്‌ളിപ്പില്‍ റാണയുടെ കയ്യിലും കുടുക്കി. ശിഖര്‍ധവാനെയും ഷാരൂഖ് ഖാനെയും സൗത്തിയും പുറത്താക്കി. സുനില്‍ നരേന്‍ രാജ് ബാവയേയും ശിവം മാവി ഭാനുക രാജപക്‌സേയെയും പുറത്താക്കി. ടോസ് നേടിയ കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
31 റണ്‍സ് എടുത്ത ശ്രീലങ്കന്‍ താരം രാജപക്‌സേയ്ക്ക് ഒഴികെ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. സ്്‌കോര്‍ രണ്ടു റണ്‍സില്‍ എത്തിയപ്പോള്‍ തന്നെ അഞ്ചു പന്തില്‍ ഒരു റണ്‍സുമായി മായങ്ക് അഗര്‍വാള്‍ മടങ്ങി. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. പിന്നാലെ വന്ന ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സേ അടിച്ചു തകര്‍ത്തു. ഒമ്പത് പന്തുകള്‍ നേരിട്ട താരം മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 31 റണ്‍സ് എടുത്തെങ്കിലും ഇന്നിംഗ്‌സ് അധികം നീണ്ടില്ല. ശിവം മാവിയുടെ പന്തില്‍ സൗത്തി പിടിച്ചു പുറത്തായി.
അടുത്ത ഊഴം ശിഖര്‍ ധവാനായിരുന്നു. സൗത്തിയുടെ പന്തില്‍ ബില്ലിംഗ്‌സ് പിടിച്ചു പുറത്താകുമ്പോള്‍ ധവാന്‍ 15 പന്തില്‍ 16 റണ്‍സ് എടുത്തു നില്‍ക്കുകയായിരുന്നു. ഒരു ബൗണ്ടറിയും ഒരു സിക്‌സറും അടിച്ച താരം നിലയുറപ്പിക്കും മുമ്പ് വീണു. ലിയാം ലിവിംഗ്‌സ്റ്റണേയും കൊല്‍ക്കത്ത നിര്‍ത്തിയില്ല. 16 പന്തില്‍ 19 റണ്‍സ് എടുത്ത ലിവിംഗ്‌സ്റ്റണെ ഉമേഷ് യാദവ് സൗത്തിയുടെ കയ്യില്‍ എത്തിച്ചു. രാജ് ബാവ നരേന് മുന്നില്‍ ക്ലീന്‍ ബൗളായി. ഷാരൂഖ് ഖാനെ അക്കൗണ്ട് തുറക്കും മുമ്പ് സൗത്തി റാണയുടെ കയ്യിലെത്തിച്ചു. ഹര്‍പ്രീത് ബാര്‍ 18 പന്തില്‍ 14 റണ്‍സ് എടുത്തു. യാദവ് ക്ലീന്‍ ബൗള്‍ ചെയ്തു. പിന്നാലെ വന്ന ചഹറിനെ റണ്ണെടുക്കാന്‍ പോലും യാദവ് അനുവദിച്ചില്ല.