കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് രജത് പടിദാര്‍. താരത്തിന്റെ ആ പ്രകടനം ഇത്തവണയും ടീമിന് മുതല്‍ക്കൂട്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു അപ്രതീക്ഷിത തിരിച്ചടി ആര്‍സിബി ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
പടിദാറിന് ഈ ഐപിഎല്‍ സീസണിലെ ആദ്യ ഭാഗം മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല്‍പാദത്തിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. താരത്തിന് ആദ്യ പകുതി എന്തായാലും നഷ്ടമാകും. രണ്ടാം പകുതിയില്‍ കളിക്കാനാകുമോ ഇല്ലയോ എന്ന് എംആര്‍ഐ ടെസ്റ്റുകളുടെ ഫലങ്ങളാവും നിര്‍ണയിക്കുക.
മൂന്നാഴ്ചത്തെ വിശ്രമമാണ് താരത്തിന് നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആര്‍സിബി ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് രജതിന് പരിക്കേറ്റിരുന്നു, അതിനാല്‍ ടീമില്‍ ചേരുന്നതിന് മുമ്പ് 29 കാരന് എന്‍സിഎയില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കേണ്ടതുണ്ട്.
ഐപിഎല്‍ 2022-ല്‍ പകരക്കാരനായി ടീമിലെത്തിയ പടിദാര്‍ തന്റെ ബാറ്റിംഗ് ക്ലാസിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കുകയും ടീമിന്റെ കോമ്പിനേഷനില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിരുന്നു. ആ ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും അദ്ദേഹം നേടി. ഇത് ഒരു അണ്‍ക്യാപ്ഡ് കളിക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ആയിരുന്നു.
വെറും 49 പന്തില്‍ മൂന്നക്കം കടന്ന പട്ടീദാറിന്റെ സെഞ്ച്വറി ആര്‍സിബിയെ ലക്നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി രണ്ടാം എലിമിനേറ്ററിലേക്ക് കടക്കാന്‍ സഹായിച്ചിരുന്നു. അതിനാല്‍ തന്നെ പുതിയ സീസണില്‍ താരത്തിന്റെ ആഭാവം ടീമിന് ക്ഷീണമാകുമെന്നതില്‍ സംശയമില്ല.