ഇന്ത്യന്‍ ക്രിക്കറ്റില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നു അണ്ടര്‍ 19 ലോക കപ്പില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ച് അമേരിക്കയിലേക്ക് ചേക്കേറിയത്. ഇപ്പോഴിതാ എന്തുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചുവെന്ന് തുറന്നുപറയുകയാണ് ഉന്‍മുക്ത് ചന്ദ്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ രാഷ്ട്രീയക്കളിയില്‍ മനംമടുത്താണ് ഇന്ത്യ വിട്ടതെന്നും ക്ലബ് ക്രിക്കറ്റിന് പോലും കൊള്ളാത്തവരാണ് ടീമിലുള്ളതെന്നും ഉന്‍മുക്ത് ചന്ദ് പറഞ്ഞു.
‘കഴിഞ്ഞ 12 വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ച് അതീവ ദുഷ്‌കരമായിരുന്നു. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കായി ഒരു കളിയില്‍ പോലും അവസരം തന്നില്ല. ഈ ക്രിക്കറ്റ് ഭരണത്തിനു കീഴില്‍ കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ ഒരുപാട് ‘പക്ഷേ’കളുണ്ട്. അതുകൊണ്ട് വീണ്ടും ഒരു അവഗണനയ്ക്ക് നിന്നുകൊടുക്കേണ്ടെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു.’
‘ഞാന്‍ സ്ഥിരമായി ബെഞ്ചിലിരിക്കുകയും എന്റെ അഭിപ്രായത്തില്‍ ക്ലബ് ക്രിക്കറ്റിന് പോലും വേണ്ടാത്തവര്‍ കളിക്കുകയും ചെയ്യുന്നത് എന്തൊരു വിരോധാഭാസമാണ്. ടീം സെലക്ഷന്റെ സുതാര്യതയെല്ലാം നഷ്ടമായിക്കഴിഞ്ഞു. ഇനിയും അവസരം കാത്തിരുന്ന് കരിയര്‍ കളയാനാകില്ല. ഇനി ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ അതിന്റെ ഭാഗമായി തുടരേണ്ടതില്ലല്ലോ. ഇനി എനിക്ക് വളരെ കുറച്ചു സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് അറിയാം. എങ്കിലും തുടര്‍ന്നും അനിശ്ചിതാവസ്ഥയ്ക്ക് വിട്ടുകൊടുക്കാനാകില്ല’ ഉന്‍മുക്ത് ചന്ദ് പറഞ്ഞു.