ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ബ്ലോക്ക്ബസ്റ്റര്‍ പ്രകടനത്തിന് ശേഷം വരുണ്‍ ചക്രവര്‍ത്തി നാഗ്പൂരില്‍ ഏകദിന പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്നു. ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പിന് ഊന്നല്‍ നല്‍കി ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള പ്രീ-സീരീസ് പരിശീലന ക്യാമ്പ് ഫെബ്രുവരി 2 മുതല്‍ ഇന്ത്യ ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതിന് ശേഷം മിസ്റ്ററി സ്പിന്നര്‍ തന്റെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിച്ചു. 2021 നവംബറില്‍ ടി20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം, മൂന്ന് വര്‍ഷത്തെ ഇടവേളകഴിഞ്ഞ ടീമില്‍ തിരിച്ചെത്തിയ താരം ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇപ്പോള്‍ ഇംഗ്ലണ്ട് എന്നിവയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ ശരിക്കും ശ്രദ്ധേയനായി. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20യില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡിന് അര്‍ഹനായി.
അതേസമയം, ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ തിങ്കളാഴ്ച നാഗ്പൂരിലെത്തി.
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ആറാം തിയതി നാഗ്പൂരില്‍ നടക്കും. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും കളിക്കുന്നത്.