ഐപിഎല്ലിലെ ഏവരും കാത്തിരുന്ന ആവേശ പോരിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഉയർത്തിയ 156 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ചെന്നൈ അവസാന ഓവറിന്റെ ആദ്യ പന്തിൽ വിജയം സ്വന്തമാക്കുക ആയിരുന്നു. 4 വിക്കറ്റിനാണ് ടീമിന്റെ ജയം പിറന്നത്. ചെന്നൈ വളരെ എളുപ്പത്തിൽ വിജയം സ്വന്തമാകും എന്ന ഘട്ടത്തിൽ ആണ് ഇംപാക്ട് താരവും മലയാളിയുമായ വിഘ്നേഷ് പുത്തൂർ എറിഞ്ഞ തകർപ്പൻ സ്പെൽ മുംബൈയെ സഹായിക്കുകയും മത്സരം അവസാന ഓവർ വരെ നീട്ടുകയും ചെയ്തത്. താരം മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കുക ആയിരുന്നു.
കേരളത്തിനായി ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാതെ മുംബൈ ഇന്ത്യൻ സ്‌കൗട്ടിങ് ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദിനെയും അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വീഴ്ത്തിയാണ് വിഘ്നേഷ് ആദ്യ മത്സരത്തിൽ തന്നെ മുംബൈയുടെ ഹീറോ ആയത്. ഫ്രാഞ്ചൈസിയുടെ സ്കൗട്ടിംഗ് ആണ് ഓട്ടോ ഡ്രൈവറുടെ മകനായ വിഘ്‌നേഷിനെ കണ്ടെത്തിഎത്തും അദ്ദേഹത്തിന്റെ പ്രതിഭ മനസിലാക്കിയതും. സ്പിൻ അനുകൂല സാഹചര്യത്തിൽ താരത്തിന് തിളങ്ങാൻ പറ്റുമെന്ന് മനസിലാക്കിയ അവർ അദ്ദേഹത്തിന് അവസരം നൽകുക ആയിരുന്നു.
എന്തായാലൂം മുൻ ഇന്ത്യൻ താരം നവ്‌ജോത് സിംഗ് സിദ്ധു, ഇന്ത്യയിലെ രണ്ട് ഇതിഹാസ സ്പിന്നർമാരായ ബിഷൻ സിംഗ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഓർമ്മിപ്പിച്ചുകൊണ്ട് മുംബൈയുടെ പുതിയ താരത്തെ പ്രശംസിച്ചു. “വിഘ്‌നേഷ് വിക്കറ്റുകൾ വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരുന്നു, സ്ലോ ബോളുകൾ ആണ് അവന്റെ ആയുധം. നിലവിലെ സ്പിന്നര്മാര് സാധാരണയായി ഉപയോഗിക്കുന്ന തന്ത്രമല്ല അവന്റെ.”
“എന്നിരുന്നാലും, വിഘ്‌നേഷ് വ്യത്യസ്തനാണ്, കാരണം അദ്ദേഹം ഒരു ഇതിഹാസ സ്പിന്നറെ പോലെ പന്തെറിഞ്ഞു. വിഘ്‌നേഷിനെ കണ്ടപ്പോൾ ബിഷൻ സിംഗ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഞാൻ ഓർക്കുന്നു. ബിഷൻ സിംഗ് ബേദിയെ നെറ്റ്സിൽ പോലും കളിക്കാൻ എളുപ്പമായിരുന്നില്ല,” അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
ടൂർണമെന്റിന്റെ 18-ാം സീസണിൽ മുംബൈ ഇന്ത്യൻസിനായി താരം മികവ് കാണിക്കുന്നത് തുടരുമെന്ന് തന്നെ കരുതാം.