വിജയ് ഹസാരെ ട്രോഫി: തലപ്പത്ത് കേരളം, പക്ഷെ ക്വാര്‍ട്ടര്‍ യോഗ്യത മുംബൈയ്ക്ക്!, കാരണം മറ്റൊരിടത്തുമില്ലാത്ത നിയമം

വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണ്‍ നയിച്ച കേരളാ ടീം ഗ്രൂപ്പുഘട്ടത്തില്‍ തലപ്പത്തു ഫിനിഷ് ചെയ്തിട്ടും ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടിയില്ല. പക്ഷേ പോയിന്റ് പട്ടികയില്‍ കേരളത്തിനു പിന്നില്‍ നിന്ന മുംബൈ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

ഗ്രൂപ്പുഘട്ടത്തിലെ ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളമാണ് ഗ്രൂപ്പ് എയില്‍ തലപ്പത്ത്. ഏഴു കളിയില്‍ നിന്നും അഞ്ചു ജയവും രണ്ടു തോല്‍വിയുമടക്കം +1.553 എന്ന മികച്ച നെറ്റ് റണ്‍റേറ്റില്‍ 20 പോയിന്റ് കേരളത്തിനുണ്ട്. മുബൈയ്ക്കും ഏഴും മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും രണ്ടു തോല്‍വിയുമടക്കം 20 പോയിന്റ് തന്നെയാണ് ലഭിച്ചത്. നെറ്റ് റണ്‍റേറ്റില്‍ അവര്‍ കേരളത്തിനു പിറകിലുമാണ്. +1.017 ആയിരുന്നു മുംബൈയുടെ നെറ്റ് റണ്‍റേറ്റ്.

പക്ഷേ എന്നിട്ടും മുംബൈ എങ്ങനെ ക്വാര്‍ട്ടറില്‍ കടന്നു? വളരെ വിചിത്രമായ ഒരു നിയമമാണ് കേരളത്തെ പിന്തള്ളി മുംബൈ ക്വാര്‍ട്ടറിലെത്താന്‍ കാരണം. സാധാരണയായി ഒന്നിലേറെ ടീമുകള്‍ക്കു ഒരേ പോയിന്റ് ലഭിച്ചാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ളവരാണ് അടുത്ത റൗണ്ടിലേക്കു മുന്നേറാറുള്ളത്. പക്ഷെ വിജയ് ഹസാരെ ട്രോഫിയിലെ നിയമം തികച്ചും വ്യത്യസ്തമാണ്.

ഗ്രൂപ്പുഘട്ടത്തില്‍ ഒന്നിലേറെ ടീമുകള്‍ക്കു ഒരേ പോയിന്റ് ലഭിക്കുകയാണെങ്കില്‍ ഈ രണ്ടു ടീമുകള്‍ തമ്മില്‍ നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ആര്‍ക്കായിരുന്നു ജയമെന്നതാണ് കണക്കിലെടുക്കുക. കേരളത്തിന്റെ കാര്യത്തിലും സംഭവിച്ചത് ഇതാണ്. നേരത്തേ ആലൂരില്‍ കഴിഞ്ഞ മാസം നടന്ന കളിയില്‍ കേരളത്തിനെതിരേ മുംബൈ മഴ നിയമപ്രകാരം എട്ടു വിക്കറ്റിന്റെ വിജയം കൊയ്തിരുന്നു. ആ ജയത്തിന്റെ ബലത്തിലാണ് മുംബൈയുടെ ക്വാര്‍ട്ടര്‍ പ്രവേശം.

ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ റെയില്‍വേസിനോടു കേരളം പൊരുതിത്തോറ്റിരുന്നു. നായകന്‍ സഞ്ജു സെഞ്ച്വറിയുമായി കസറിയ കളിയില്‍ 18 റണ്‍സിനായിരുന്നു കേരളം കീഴടങ്ങിയത്. ഈ മത്സരം ജയിച്ചിരുന്നെങ്കില്‍ കേരളത്തിന് ക്വാര്‍ട്ടറിലേക്കു മുന്നേറാമായിരുന്നു.

നിലവില്‍ പ്രീക്വാര്‍ട്ടറിലേക്കാണ് കേരളാ ടീം ടിക്കറ്റെടുത്തിരിക്കുന്നത്. ഇതില്‍ ജയിച്ചാല്‍ മാത്രമേ കേരളം ക്വാര്‍ട്ടറില്‍ കടക്കുകയുള്ളൂ. ശക്തരായ മഹാരാഷ്ട്രയാണ് പ്രീക്വാര്‍ട്ടറില്‍ കേരളാ ടീമിനെ കാത്തിരിക്കുന്നത്.