ആക്രമണോത്സുകതയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മുഖമുദ്ര. ഉരുളയ്ക്ക് ഉപ്പേരി എന്നതാണ് വിരാടിന്റെ നയം. കളിയുടെ നടത്തിപ്പുകാരായ അമ്പയര്‍മാരോടുള്ള കോഹ്ലിയുടെ പെരുമാറ്റം പലപ്പോഴും വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ലീഡ്‌സിലും അമ്പയറുടെ തീരുമാനത്തില്‍ കോഹ്ലി വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. ഇഷാന്ത് ശര്‍മ്മയുടെ ഓവറിലാണ് കോഹ്ലി അമ്പയറോട് നീരസം പ്രകടിപ്പിച്ചത്. അമ്പയര്‍മാരോട് തുടര്‍ച്ചയായി മോശമായി പെരുമാറുന്ന കോഹ്ലിയെ ശിക്ഷിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ് ആവശ്യപ്പെടുന്നു.
മഹാന്മാരായ കളിക്കാരിലൊരാളാണ് വിരാട്. പക്ഷേ, തുടര്‍ച്ചയായി അമ്പയര്‍മാരെ ചോദ്യംചെയ്യുന്നത് നിരാശാജനകമാണ്. ആദ്യ ഓവറില്‍ രണ്ടു തവണ ഇഷാന്ത് ശര്‍മ്മ ഓവര്‍ സ്‌റ്റെപ്പ് ചെയ്തു. പിന്നെ ഓഫ് സൈഡില്‍ വൈഡ് എറിഞ്ഞു. അമ്പയര്‍ അലക്‌സ് വാര്‍ഫ് വൈഡ് വിളിച്ചത് ശരിയായിരുന്നു. എന്നാല്‍ ഒന്നാം സ്ലിപ്പില്‍ നിന്ന് വിരാട് അനിഷ്ടം പ്രകടിപ്പിച്ചു- ലോയ്ഡ് പറഞ്ഞു.
ഓവറിന്റെ അവസാനം കോഹ്ലി വീണ്ടും വിഷയം എടുത്തിട്ടു. ഇത് അമ്പയറെ എതിര്‍ക്കലാണ്. ഇത്തരത്തിലെ പെരുമാറ്റത്തിന് കോഹ്ലിയെ ശിക്ഷിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ലോയ്ഡ് പറഞ്ഞു.