'കണക്കുകളല്ല, ആ ഒരു കാര്യമാണ് എന്നെ അലട്ടിയിരുന്നത്'; വെളിപ്പെടുത്തി കോഹ്‌ലി

ഐപിഎല്ലില്‍ ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പുറത്തെടുത്ത മാസ്മരിക പ്രകടനത്തിന് പിന്നിലെ കഠിനാധ്വാനത്തെ കുറിച്ച് വെളിപ്പെടുത്തി ബാംഗ്ലൂര്‍ റോയല്‍സ് താരം വിരാട് കോഹ്‌ലി. ഇന്നലെ 90 മിനിറ്റ് ആണ് നെറ്റ്സില്‍ ബാറ്റ് ചെയ്തതെന്നും അത് വളരെ ഫ്രീ ആയി കളിക്കാന്‍ തന്നെ സഹായിച്ചെന്നും കോഹ്‌ലി പറഞ്ഞു.

‘വളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു ഇത്. ടീമിന് വേണ്ടി അധികമൊന്നും ചെയ്യാനായില്ലല്ലോ എന്നതാണ് എന്നെ അലട്ടിയിരുന്നത്, അല്ലാതെ കണക്കുകള്‍ അല്ല. ഇന്ന് ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണ് എന്റെ മുന്‍പിലേക്ക് എത്തിയത്. ഞാന്‍ വളരെ അധികം കഠിനാധ്വാനം ചെയ്തു. ഇന്നലെ 90 മിനിറ്റ് ആണ് നെറ്റ്സില്‍ ബാറ്റ് ചെയ്തത്.ട

‘വളരെ ഫ്രീ ആയാണ് ഗുജറാത്തിന് എതിരെ കളിക്കാന്‍ ക്രീസിലേക്ക് എത്തിയത്. ഈ രാത്രിയാണ് എനിക്ക് മുന്‍പോട്ട് പോകാനാവുന്നത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഈ സീസണില്‍ എനിക്ക് ഇത്രയും പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇതിന് മുമ്പെങ്ങുമില്ലാത്ത വിധം ലഭിച്ച പിന്തുണയില്‍ നന്ദിയുണ്ട്’ കോഹ്‌ലി പറഞ്ഞു.

മത്സരത്തില്‍ 54 പന്തില്‍ നിന്ന് 8 ഫോറും രണ്ട് സിക്സും സഹിതം കോഹ്‌ലി 73 റണ്‍സ് നേടി. 17ാം ഓവറില്‍ കോഹ്‌ലി മടങ്ങുമ്പോള്‍ ബാംഗ്ലൂര്‍ വിജയത്തോട് അടുത്തിരുന്നു. ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ ബാംഗ്ലൂര്‍ മറികടന്നു. ജയത്തോടെ ഡല്‍ഹിയെ പിന്തള്ളി ബാംഗ്ലൂര്‍ നാലാം സ്ഥാനത്തെത്തി. എന്നാല്‍ പ്ലേഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി തോല്‍ക്കണം.