മുംബൈ ഇന്ത്യന്‍സിനെതിരെ 12 റണ്‍സിന്റെ വിജയത്തോടെ പോയിന്റ് ടേബിളില്‍ വീണ്ടും മുകളിലോട്ട് കയറിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈയെ അവരുടെ കോട്ടയില്‍ പോയി തോല്‍പ്പിച്ചാണ് ടൂര്‍ണമെന്റില്‍ ആര്‍സിബി വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയത്. 67 റണ്‍സ് നേടി മത്സരത്തില്‍ ഒരു ഇംപാക്ടുളള ഇന്നിങ്‌സാണ് വിരാട് കോഹ്ലി കാഴ്ചവച്ചത്. ഫില്‍ സാള്‍ട്ട് തുടക്കത്തിലേ പുറത്തായെങ്കിലും ദേവ്ദത്ത് പടിക്കലിനെയും ക്യാപ്റ്റന്‍ രജത് പാട്ടിധാറിനെയും കൂട്ടുപിടിച്ച് കോഹ്ലി ടീമിനെ മുന്നോട്ടുനയിച്ചു. ആര്‍സിബി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 209 റണ്‍സ് നേടാനെ മുംബൈ ടീമിന് സാധിച്ചുളളൂ.
മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ ടീമംഗങ്ങളോട് ചൂടായ കോഹ്ലിയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ യഷ് ദയാലും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയും തമ്മിലിടിച്ച് അത് വിട്ടുകളഞ്ഞതിനെ തുടര്‍ന്നാണ് കോഹ്ലിക്ക് ദേഷ്യം പിടിച്ചത്. സൂര്യയുടെ വിക്കറ്റ് അത്രയ്ക്കും പ്രധാനമാണെന്നിരിക്കെ അത് എടുക്കാന്‍ ടീമംഗങ്ങള്‍ക്ക് സാധിക്കാത്തതിലുളള നിരാശ കൂടിയാണ് കോഹ്ലി പ്രകടമാക്കിയത്.
12-ാം ഓവറില്‍ യഷ് ദയാല്‍ ഏറിഞ്ഞ സ്ലോ ബോള്‍ അടിച്ചുപറത്താന്‍ ശ്രമിക്കവേയാണ് സൂര്യയുടെ പന്ത് മുകളിലോട്ട് ഉയര്‍ന്നതും അത് പിടിക്കാനായി യഷ് ദയാലും ജിതേഷ് ശര്‍മ്മയും ഒരുമിച്ച് ശ്രമിച്ചതും. എന്നാല്‍ തമ്മിലിടിച്ച് താഴെ വീണതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്കും ആ ക്യാച്ച് എടുക്കാനായില്ല. തുടര്‍ന്നാണ് കോഹ്ലിക്ക് ദേഷ്യം വന്നത്.