IPL 2025: തോറ്റതൊന്നും ഒരു വിഷയമേ അല്ല, അനുഷ്‌കയ്‌ക്കൊപ്പം വൈബ് മൂഡില്‍ വിരാട് കോഹ്ലി, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് പുതിയ ഡാന്‍സ് വീഡിയോ

ഐപിഎല്‍ 2025ല്‍ മോശമല്ലാത്ത പ്രകടനമാണ് വിരാട് കോഹ്ലി കാഴ്ചവയ്ക്കുന്നത്. ആര്‍സിബിക്കായി ഓപ്പണിങ്ങില്‍ ഇറങ്ങാറുളള താരം ഈ സീസണില്‍ ഏഴ് കളികളില്‍ നിന്നും 249 റണ്‍സാണ് അടിച്ചുകൂട്ടിയത്. 49.80 ശരാശരിയിലും 141.7 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ പെര്‍ഫോമന്‍സ്. കോഹ്ലി ഉള്‍പ്പെടെയുളള ബാറ്റര്‍മാരുടെ പ്രകടനങ്ങളുടെ പിന്‍ബലത്തിലാണ് ബെംഗളൂരു പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തുളളത്. കഴിഞ്ഞ കളിയില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റെങ്കിലും ഇത് അത്ര കാര്യമായി ആര്‍സിബിയെ ബാധിക്കില്ല. നിലവില്‍ പ്ലേഓഫ് പ്രതീക്ഷകളെല്ലാം സജീവമാക്കി നിലനിര്‍ത്തികൊണ്ടാണ് അവരുടെ മുന്നേറ്റം.

അതേസമയം വിരാട് കോഹ്ലിയുടെതായി പുറത്തിറങ്ങിയ ഒരു ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അടുത്തിടെ നടന്ന ഒരു പരസ്യ ഷൂട്ടിനിടെ ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം കോഹ്ലി ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുടെ സമയത്തും, ഐപിഎലിനിടയിലും എല്ലാം കോഹ്ലിക്ക് പിന്തുണയുമായി അനുഷ്‌ക സ്റ്റേഡിയങ്ങളില്‍ എത്താറുണ്ട്. ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ സമയം ദുബായ് സ്റ്റേഡിയത്തില്‍ വച്ച് അത് അനുഷ്‌കയ്‌ക്കൊപ്പം ആഘോഷിച്ച കോഹ്ലിയുടെ വീഡിയോയും അന്ന് ആരാധകര്‍ ഏറ്റെടുത്തിരുന്നു.

എന്നാല്‍ മക്കളുടെ ചിത്രങ്ങളോ വീഡിയോകളും ഒന്നും ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറില്ല. അവരുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടാണ് കോഹ്ലി മുന്നോട്ടുപോവുന്നത്. ക്രിക്കറ്റ് തിരക്കുകള്‍ക്കിടയിലും ബ്രാന്‍ഡ് പ്രൊമോഷനുകള്‍ക്കും സമയം കണ്ടെത്താറുണ്ട് കോഹ്ലി. അതേസമയം പഞ്ചാബ് കിങ്‌സിനെതിരെ തന്നെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം.