പഞ്ചാബ് കിങ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഐപിഎല്‍ 2025ല്‍ വിജയകുതിപ്പ് തുടരുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വിരാട് കോഹ്ലിയുടെയും (73), ദേവ്ദത്ത് പടിക്കലിന്റെയും (61) മികവിലാണ് പഞ്ചാബിനെതിരെ ആര്‍സിബി അനായാസ വിജയം നേടിയത്. ഈ സീസണില്‍ തങ്ങളുടെ ഹോംഗ്രൗണ്ടില്‍ വച്ചേറ്റ തോല്‍വിക്കുളള പകരംവീട്ടല്‍ കൂടിയായിരുന്നു ആര്‍സിബി പഞ്ചാബിനെതിരെ നടത്തിയത്. പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ വച്ച് നടന്ന മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളില്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ആര്‍സിബി.
54 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 73 റണ്‍സ് നേടി ക്ലാസ് ഇന്നിങ്‌സാണ് വിരാട് കോഹ്ലി കാഴ്ചവച്ചത്. മത്സരത്തിനിടെ പഞ്ചാബ് താരങ്ങള്‍ക്ക് മുന്നില്‍വച്ച് കോഹ്ലി നടത്തിയ വ്യത്യസ്ത ആഘോഷങ്ങള്‍ എല്ലാം ശ്രദ്ധേയമായിരുന്നു. എന്നാല്‍ മത്സരം കഴിഞ്ഞ് ആര്‍സിബി താരങ്ങള്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങവേ അപ്രതീക്ഷിതമായ ഒരു സംഭവമാണ് അരങ്ങേറിയത്. പവലിയനില്‍ നിന്നും ആരാധകരില്‍ ഒരാള്‍ കോഹ്ലിക്ക് നേരെ എന്തോ വലിച്ചെറിയുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയ ഒരു വീഡിയോയിലുളളത്.
എന്നാല്‍ ഭാഗ്യത്തിന് കോഹ്ലിയുടെയോ മറ്റ് ടീമംഗങ്ങളുടെയോ ശരീരത്തില്‍ ഇത് കൊണ്ടില്ല. ഇതിന് ശേഷം സ്‌റ്റേഡിയത്തിന് മുകളിലേക്ക് ഒന്ന് നോക്കിയ ശേഷമാണ് കോഹ്ലി ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ആദ്യ ബാറ്റിങ്ങില്‍ 158 റണ്‍സ് വിജയലക്ഷ്യമാണ് ആര്‍സിബിക്ക് മുന്നില്‍ പഞ്ചാബ് ടീം വച്ചത്. കുറഞ്ഞ സ്‌കോറില്‍ പഞ്ചാബിനെ പിടിച്ചുകെട്ടയിപ്പോഴേ ആര്‍സിബി ടീം വിജയമുറപ്പിച്ചിരുന്നു. വിരാട് കോഹ്ലിക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയും ചേര്‍ന്നാണ് ആര്‍സിബിക്കായി മത്സരത്തില്‍ ഫിനിഷിങ് നടത്തിയത്.