വരാനിരിക്കുന്ന ബോർഡർ ഗവാസ്ക്കർ ട്രോഫിയിൽ ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറുടെയും റിക്കി പോണ്ടിംഗിൻ്റെയും കുറച്ചധികം റെക്കോർഡുകൾ തകർക്കാനുള്ള കുതിപ്പിലാണ് സ്റ്റാർ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലി. അഞ്ചാം ടെസ്റ്റ് പര്യടനത്തിനായി ഓസ്ട്രേലിയയിൽ എത്തുന്ന കോഹ്ലി അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബാറ്ററാണ്.
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും ആവേശകരമായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ്. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നവംബർ 22 വെള്ളിയാഴ്ചയാണ് ആദ്യ ടെസ്റ്റ് മത്സരം. ക്യാപ്റ്റൻ രോഹിത് ശർമ്മയും ടോപ്പ് ഓർഡർ ബാറ്റർ ശുഭ്മാൻ ഗില്ലും പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിക്കില്ല.
ഈ കാലഘട്ടത്തിൽ ഓസ്ട്രേലിയയിൽ എത്തുന്ന കോഹ്ലി ഇതുവരെ എല്ലാ സമയത്തും ഓസ്ട്രേലിയയിൽ തിളങ്ങിയിട്ടുണ്ട്. താരം ഇതുവരെ 6 ടെസ്റ്റ് സെഞ്ചുറികൾ രാജ്യത്ത് നേടിയിട്ടുണ്ട്. അതിനാൽ തന്നെ ആദ്യ മത്സരം മുതൽ താരത്തിന്റെ ബാറ്റ് ശബ്ദിച്ച് തുടങ്ങേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്.
റിക്കി പോണ്ടിംഗിനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാകാൻ വിരാട് കോഹ്ലിക്ക് 350 റൺസ് മതി. ആറ് സെഞ്ചുറികളുള്ള 36 കാരനായ താരത്തിന്, രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരത്തിൻ്റെ പട്ടികയിൽ സച്ചിനെ മറികടക്കാൻ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് സെഞ്ച്വറി കൂടി മതി.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ മറ്റൊരു നാഴികക്കല്ലിന് കൂടി അടുത്താണ് തരാം. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ 2000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ ബാറ്ററായി മാറാൻ 21 റൺസ് കൂടി മതി. സച്ചിൻ ടെണ്ടുൽക്കർ, വിവിഎസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, ചേതേശ്വര് പൂജാര എന്നിവരാണ് ബിജിടിയിൽ ഈ നാഴികക്കല്ല് കടന്നത്.