എതിരാളികളായ കളിക്കാരെ സ്ലെഡ്ജ് ചെയ്യാനും വാക്കുകൾ കൊണ്ട് അവരെ ആക്രമിക്കാനും ഇഷ്ടപെടുന്ന താരങ്ങളിൽ പ്രധാനിയാണ് വിരാട് കോഹ്‌ലി. പണ്ട് ഇത്തരം സ്ലെഡ്ജിങ് ഇങ്ങോട്ട് കിട്ടിയാലും തിരിച്ചൊന്നും മിണ്ടാതെ പോകുന്നവർ ആയിരുന്നു ഇന്ത്യക്കാർ എങ്കിൽ കോഹ്‌ലി വന്നതിന് ശേഷം കിട്ടുന്നത് നൂറിരട്ടി തിരിച്ചു കൊടുക്കാൻ ടീം തുടങ്ങി. അത് അന്താരാഷ്ട്ര ക്രിക്കറ്റായാലും ഇന്ത്യൻ പ്രീമിയർ ലീഗായാലും മറ്റ് ടീമുകളുടെ കളിക്കാരെ തകർത്തെറിയാനും ആത്മവിശ്വാസം നശിപ്പിക്കാനും കോഹ്‌ലി ആഗ്രഹിക്കുന്നു.
എന്നിരുന്നാലും, ചേതേശ്വർ പൂജാര പറയുന്നത് പ്രകാരം സ്ലെഡ്ജിങ്ങിൽ വിരാട് കോഹ്‌ലിയെ കവച്ചുവെക്കുന്ന ആൾ ആണ് ഋഷഭ് പന്ത് എന്നും കോഹ്‌ലി പന്തിന്റെ അത്ര വരില്ല എന്നുമാണ്. വാക്കുകൾ ഇങ്ങനെ: “റിഷഭ് പന്ത് എതിരാളികളോട് ഒരുപാട് സംസാരിക്കാറുണ്ട്, പക്ഷേ അവൻ അതിരുകൾ കടക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങൾ പറയാത്തതിനാൽ പന്തിൻ്റെ വാക്കുകൾ ഒരിക്കലും വേദനിപ്പിക്കുന്നതല്ല. കളിക്കളത്തിൽ ആസ്വദിച്ച് കളിക്കുന്ന ശീലം അദ്ദേഹത്തിനുണ്ട്” ചേതേശ്വർ പൂജാര സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.
ഇടംകൈയ്യൻ ബാറ്റർ പ്രധാനമായിട്ടും ചെറിയ വാക്കുകൾ വഴിയാണ് എതിരാളികളെ കുഴക്കുന്നത്. ഇന്ത്യ മുമ്പ് ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുമ്പോൾ ടിം പെയ്‌നുമായുള്ള അദ്ദേഹത്തിൻ്റെ സ്ലെഡ്ജിങ് സംസാരമൊക്കെ വലിയ രീതിയിൽ ചർച്ചയായത്. അതേസമയം, മെഗാ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് 27 കോടി രൂപയ്ക്ക് അദ്ദേഹത്തെ ട്രീമിൽ എത്തിച്ചതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ കളിക്കാരനായി അദ്ദേഹം മാറി.
മുൻ ഫ്രാഞ്ചൈസിയായ ഡൽഹി ക്യാപിറ്റൽസും അദ്ദേഹത്തെ തിരിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും എൽഎസ്ജിയുടെ ബിഡ് അവരുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചു.