"വിരാട് കോഹ്‌ലി ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്, അത് തരണം ചെയ്യും"; പിന്തുണയുമായി മുൻ ഇന്ത്യൻ ഇതിഹാസം

ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവും കൂടുതൽ മികച്ച റൺ സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള താരമാണ് വിരാട് കോഹ്‌ലി. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടാൻ താരത്തിന് സാധിച്ചിരുന്നു. പക്ഷെ അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ വിരാട് മോശമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. അതിലൂടെ താരത്തിന് വരുന്ന വിമർശനങ്ങൾ വളരെ കൂടുതലാണ്.

നിർണായകമായ മത്സരത്തിൽ ഫ്ലോപ്പായ ബാറ്റിംഗ് കാഴ്ച വെച്ചത് കൊണ്ട് തോൽവിയുടെ കാരണങ്ങളിൽ വിരാടും പ്രതിയാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ താരത്തിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം കപിൽ ദേവ്.

കപിൽ ദേവ് പറയുന്നത് ഇങ്ങനെ:

“ഇന്ത്യ കണ്ടതിൽ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‍ലി. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നാല് ബാറ്റർമാരെ തിരഞ്ഞെടുത്താലും അതിൽ വിരാട് കോഹ്‍ലിയുടെ പേരുണ്ടാവും. എന്നാൽ ഇപ്പോൾ കോഹ്‍ലി ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽ നിന്നും അതിവേ​ഗം കോഹ്‍ലിക്ക് തിരിച്ചുവരാൻ സാധിക്കും. കപിൽ ദേവ് പറഞ്ഞു.

മോശം ഫോമിൽ തുടരുന്ന രോഹിത് ശർമയയെും കപിൽ പിന്തുണച്ചു

“ഒരു മത്സരത്തിലെ മികച്ച പ്രകടനം കൊണ്ടോ മോശം പ്രകടനം കൊണ്ടോ ഒരു താരത്തെ വിലയിരുത്താൻ സാധിക്കില്ല. ഒരുപാട് ക്രിക്കറ്റ് കളിച്ച ഒരു താരത്തിന്, ഒരുപാട് കാലം ക്യാപ്റ്റനായ ഒരു താരത്തിന് ചിലപ്പോൾ തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം. മോശം സമയത്തെ പ്രകടനംകൊണ്ട് ഒരു താരത്തെ വിലയിരുത്താൻ സാധിക്കില്ലെന്നും” കപിൽ ദേവ് പ്രതികരിച്ചു.