വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോഡുമായി വീണ്ടും താരം


ഗുജറാത്ത് ടൈറ്റൻസിനെതിരെ ഗംഭീര വിജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 41 പന്തിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ സെഞ്ച്വറി തികച്ച വിൽ ജാക്സിന്റെയും, 44 പന്തിൽ 70 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെയും മികച്ച കൂട്ടുകെട്ടാണ് ആർസിബിക്ക് ജയം അനായാസമാക്കിയത്.

സീസണിലെ ആർസിബിയുടെ തുടർച്ചയായ രണ്ടാം ജയം കൂടിയാണ് ഇന്ന് കണ്ടത്. മത്സരത്തിലെ മിന്നുന്ന പ്രകടനത്തോടെ വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് കോഹ്‌ലി. മൂന്ന് സിക്സും ആറ് ഫോറുമടക്കമായിരുന്നു ഇന്നത്തെ ഇന്നിങ്ങ്സ്.

Image

അതേസമയം പത്ത് മത്സരങ്ങളിൽ നിന്നും ഈ സീസണിൽ 500 റൺസ് തികച്ച് ഓറഞ്ച് ക്യാപ് നിലനിർത്താനും ഇന്നത്തെ ഗംഭീര പ്രകടനത്തോടെ കോഹ്‌ലിക്ക് സാധിച്ചു. ഈ സീസണിൽ 500 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ കൂടിയാണ് കോഹ്‌ലി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്.
ജയിച്ചെങ്കിലും ആറ് പോയന്‍റുള്ള ആര്‍സിബി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഗുജറാത്ത് ഏഴാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 200-3, ആര്‍സിബി 16 ഓവറില്‍ 206-1.