ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‌ലി അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ടി20 ലോകകപ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ഇതൊരു തുറന്ന രഹസ്യമായിരുന്നെന്നും ഫൈനലില്‍ ഫലം എന്തായാലും താന്‍ വിരമിക്കുമായിരുന്നെന്നും കോഹ്‌ലി പറഞ്ഞു.
”ഇതെന്റെ അവസാനത്തെ ടി20 ലോകകപ്പാണ്. ഇന്ത്യക്കു വേണ്ടി അവസാനത്തെ ടി20 മത്സരവുമാണ്”, കോഹ്‌ലി പറഞ്ഞു. ഇത് വിരമിക്കല്‍ പ്രഖ്യാപനം തന്നെയാണോ എന്ന കമന്റേറ്ററുടെ ചോദ്യത്തിന്, അതെ എന്നായിരുന്നു മറുപടി.
”ഇതൊരു തുറന്ന രഹസ്യമായിരുന്നു. ഫൈനലില്‍ പരാജയപ്പെട്ടാലും ഇതെന്റെ അവസാന അന്താരാഷ്ട്ര ടി20 മത്സരമായിരിക്കുമെന്ന് ഉറപ്പായിരുന്നു. പുതിയ തലമുറയ്ക്കായി മാറിക്കൊടുക്കേണ്ട സമയമായി”, കോഹ്‌ലി വ്യക്തമാക്കി.
ലോകം തന്നെ കാണുന്നത് എത്രത്തോളം വില മതിച്ചാവുമെന്ന് വ്യക്തമാക്കി വിരാട് അനുസ്മരിച്ചു. പിന്നിട്ടതെല്ലാം വളരെ ബുദ്ധിമുട്ടേറിയ പാതകളായിരുന്നു. ഇത്രത്തോളം സമ്മര്‍ദ്ദം അനുഭവിച്ചൊരു ടൂര്‍ണമെന്റില്ല. പക്ഷേ ഈ ലോകകപ്പിലെ വിജയം അത് തന്നെ സംബന്ധിച്ചടത്തോളം ഏറെ അഭിമാനം പകരുന്നതാണെന്നും ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ കോഹ്ലി പറഞ്ഞു.