ഏറെ വിമര്‍ശനങ്ങള്‍ക്കിടയിലാണ് വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കൊരുങ്ങുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ബാറ്റുകൊണ്ട് മറുപടി പറയുന്നതാണ് കോഹ്‌ലിയുടെ രീതിയെന്നും അത് ദക്ഷിണാഫ്രിക്കയിലും ആവര്‍ത്തിക്കുമെന്നും പറഞ്ഞിരിക്കുകയാണ് കോഹ്‌ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ.
‘അത് സംഭവിക്കട്ടേയെന്നാണ് കരുതുന്നത്. കാരണം വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ബാറ്റുകൊണ്ട് മറുപടി പറയാന്‍ കോഹ്‌ലിക്കായിട്ടുണ്ട്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കോഹ്‌ലിക്ക് വിജയിക്കാനായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. കോഹ്‌ലിയുടെ തിരിച്ചുവരവ് ഇന്ത്യക്കും വളരെ പ്രധാനപ്പെട്ടതാണ്. കാരണം ദക്ഷിണാഫ്രിക്കയില്‍ കോഹ്‌ലിയുടെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.’
‘ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ബോളിംഗ് കരുത്തുണ്ട്. അവരുടെ പേസ് ബോളിംഗ് കരുത്ത് വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ കോഹ്‌ലിയുടെ ഫോമിലാണ് പ്രധാന പ്രതീക്ഷ. അവനില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. വിജയിക്കാനും വലിയ സ്‌കോര്‍ നേടാനും അവന് സാധിക്കും’ രാജ്കുമാര്‍ പറഞ്ഞു.
ഈ മാസം 26ന് സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിനു തുടക്കമാവുന്നത്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നു മുതല്‍ ജൊഹാനസ്ബര്‍ഗിലും മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 11 മുതല്‍ കേപ്ടൗണിലും നടക്കും.