ആര്‍സിബിയുടെ നായകനായി രജത് പാടീദാർ; വൈറലായി കോഹ്‌ലിയുടെ പ്രതികരണം

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഐപിഎല്‍ 2025 സീസണിലേക്കുള്ള ടീമിന്റെ ക്യാപ്റ്റനായി മധ്യപ്രദേശില്‍ നിന്നുള്ള രജത് പാടീദാറിനെ തിരഞ്ഞെടുത്തതായി വ്യാഴാഴ്ച പ്രഖ്യാപിച്ചു. 2022 മുതല്‍ 2024 വരെയുള്ള മൂന്ന് സീസണുകളില്‍ ക്യാപ്റ്റനായിരുന്ന ഫാഫ് ഡു പ്ലെസിസില്‍ നിന്നാണ് പാട്ടിദാര്‍ ചുമതലയേല്‍ക്കുന്നത്. ഫാഫിന്റെ നേതൃത്വത്തില്‍ ടീം രണ്ട് തവണ ഐപിഎല്‍ പ്ലേഓഫിലെത്തി.

ഇന്‍ഡോറില്‍ നിന്നുള്ള 31 കാരനായ ബാറ്റര്‍ 2022 സീസണിന്റെ മധ്യത്തില്‍ ഐപിഎല്ലിലേക്ക് അത്ഭുതകരമായ തിരിച്ചുവരവ് നടത്തി. 2021 ല്‍ ടീമിനായി നാല് മത്സരങ്ങള്‍ കളിച്ചതിന് ശേഷം ലുവ്നിത്ത് സിസോദിയയ്ക്ക് പകരക്കാരനായി അദ്ദേഹം ആര്‍സിബിയില്‍ ചേര്‍ന്നു. ഇപ്പോഴിതാ അദ്ദേഹം ടീമിന്റെ നായകനുമായി. ഈ നേട്ടത്തില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി അദ്ദേഹത്തെ അഭിനന്ദിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് വിരാട് രജത് പാടീദാറിനെ അഭിനന്ദിച്ചത്. ബാറ്ററെയും വര്‍ഷങ്ങളായി ഫ്രാഞ്ചൈസിക്കുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങളെയും സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.

രജത്, ആദ്യം തന്നെ എന്റെ അഭിനന്ദനങ്ങള്‍! നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം ഈ ഫ്രാഞ്ചൈസിയില്‍ നിങ്ങള്‍ വളര്‍ന്ന രീതി, നിങ്ങള്‍ നടത്തിയ പ്രകടനം, ലോകമെമ്പാടുമുള്ള എല്ലാ ആര്‍സിബി ആരാധകരുടെയും ഹൃദയത്തില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇടം നേടിയിട്ടുണ്ടെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കളിക്കുന്നത് കാണുന്നത് ശരിക്കും ആവേശകരമാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ ഇതിന് നിങ്ങള്‍ വളരെ അര്‍ഹനാണ്.

ഞാനും മറ്റ് ടീം അംഗങ്ങളും നിങ്ങളുടെ തൊട്ടുപിന്നില്‍ തന്നെ ഉണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഈ റോളിന് ഞങ്ങളുടെ എല്ലാ പിന്തുണയും നിങ്ങള്‍ക്കുണ്ട്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള അവകാശം നിങ്ങള്‍ നേടിയിട്ടുണ്ട്. ഫ്രാഞ്ചൈസി മുന്നോട്ട് കൊണ്ടുപോകുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ മുമ്പ് ചെയ്തതുപോലെ, നിങ്ങള്‍ക്കും ഇത് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാന്‍ വളരെ വളരെ സന്തോഷവാനാണ്. ഈ സ്ഥാനത്ത് ആയിരിക്കാനുള്ള അവകാശം നിങ്ങള്‍ നേടിയിട്ടുണ്ട്, നിങ്ങള്‍ ഈ ചുമതലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്- കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.