'രണ്ടു വര്‍ഷം ഇതേക്കുറിച്ചോര്‍ത്ത് ഞാന്‍ കരയുകയായിരുന്നു'; ജീവിതത്തിലെ ഏറ്റവും വൈകാരികമായ നിമിഷം പങ്കുവെച്ച് കോഹ്‌ലി

വിരാട് കോഹ്‌ലി ഇപ്പോള്‍ പൂനെയില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കളിക്കുകയാണ്. താരം അടുത്തിടെ തന്റെ ജീവിതത്തിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്ന് അനുസ്മരിച്ചു. 2022 സെപ്റ്റംബറില്‍ സെഞ്ച്വറി വരള്‍ച്ച തകര്‍ത്തപ്പോള്‍ ഭാര്യ അനുഷ്‌ക ശര്‍മ്മയോട് സംസാരിക്കുമ്പോള്‍ താന്‍ പലപ്പോഴും കരയുകയായിരുന്നെന്ന് കോഹ്‌ലി പറഞ്ഞു.

35 വയസ്സുള്ള കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 80 സെഞ്ച്വറികള്‍ നേടി ഏറ്റവും കൂടുതല്‍ സെഞ്ചുറികളുടെ പട്ടികയില്‍ രണ്ടാമതാണ്. രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ച്വറികള്‍ തികച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് അദ്ദേഹത്തിന് മുന്നില്‍. 2019 നവംബറില്‍ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് സെഞ്ചുറിക്ക് ശേഷം വിരാടിന് മൂന്നക്ക മാര്‍ക്ക് രേഖപ്പെടുത്താന്‍ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നു.

സെപ്റ്റംബര്‍ 22-ന് ദുബായില്‍ നടന്ന അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തില്‍ 61 പന്തില്‍ പുറത്താകാതെ 122 റണ്‍സ് നേടി കോഹ്ലി ഏറെ കാത്തിരുന്ന നിമിഷത്തിന് വിരാമമിട്ടു. ജതിന്‍ സപ്രുവുമായുള്ള സംഭാഷണത്തില്‍ ഇതിഹാസം തന്റെ പരുക്കന്‍ പാച്ച് അവസാനിപ്പിച്ചതിന് ശേഷമുള്ള തന്റെ വികാരങ്ങളെക്കുറിച്ച് സംസാരിച്ചു.

”അനുഷ്‌കയോട് സംസാരിച്ചപ്പോള്‍ ഞാന്‍ ശരിക്കും കരയുകയായിരുന്നു. എന്നാലും നൂറു തികച്ചപ്പോള്‍ ഞാന്‍ ഒരുപാട് ചിരിച്ചു. രണ്ട് വര്‍ഷമായി ഞാന്‍ ഇതേക്കുറിച്ചോര്‍ത്ത് കരയുകയായിരുന്നു, ”അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യ അനുഷ്‌കയ്ക്കും മകള്‍ വാമികയ്ക്കുമാണ് കോഹ്ലി ആ ഇന്നിംഗ്സ് സമര്‍പ്പിച്ചത്.

ഏകദിനത്തില്‍ 50 സെഞ്ചുറികളും ടെസ്റ്റ് ക്രിക്കറ്റില്‍ 29 ഉം ടി20യില്‍ ഒരു സെഞ്ചുറിയും വിരാട് നേടിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടന്ന ഐസിസി ടി 20 ലോകകപ്പ് 2024 ട്രോഫിക്ക് ശേഷം അദ്ദേഹം ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോഹ്ലിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.