മുംബൈ ഇന്ത്യന്‍സിനെതിരെ ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ പുറത്താവല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഔട്ട് അല്ലാതിരുന്നിട്ടും അമ്പയറുടെ തീരുമാനം അംഗീകരിച്ച് ഡ്രസിങ് റൂമിലേക്ക് ഇഷാന്‍ മടങ്ങിയതാണ് എല്ലാവരെയും ഞെട്ടിച്ചത്. ദീപക് ചാഹര്‍ എറിഞ്ഞ പന്ത് ഇഷാന്റെ ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് റീപ്ലെയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ബാറ്റില്‍ തട്ടിയെന്ന തോന്നലില്‍ മടങ്ങുകയായിരുന്നു ഇഷാന്‍. അമ്പയര്‍ വരെ സംശയിച്ച ശേഷമാണ് ഔട്ട് വിളിച്ചത്. മുംബൈ താരങ്ങളാവട്ടെ ആരും ഔട്ടിനായി വാദിച്ചത് പോലുമില്ല.
ഇഷാന്‍ കിഷന് സംഭവിച്ചത് പോലെ മുന്‍പൊരിക്കല്‍ പാകിസ്ഥാനെതിരെ വിരാട് കോഹ്ലിക്കും നടന്നിരുന്നു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെയുളള മത്സരത്തിനിടെയാണ് ഈ സംഭവം. അന്ന് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കോഹ്ലി 77 റണ്‍സില്‍ നില്‍ക്കെ പാക് ബോളര്‍ മുഹമ്മദ് ആമിര്‍ ഏറിഞ്ഞ ബൗണ്‍സര്‍ അടിക്കാനുളള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഔട്ടാണെന്ന് വിചാരിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു കോഹ്ലി. എന്നാല്‍ റീപ്ലെയില്‍ പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന് വളരെ വ്യക്തമായിരുന്നു. ഡ്രസിങ് റൂമിലെത്തിയ ശേഷം ഇത് കണ്ട് തന്റെ നിരാശ പ്രകടമാക്കുകയും ചെയ്തിരുന്നു താരം.
മത്സരത്തിന്റെ 48ാം ഓവറിലായിരുന്നു ഈ സംഭവം. എന്നാല്‍ കോഹ്ലിയുടെ പുറത്താവല്‍ അന്ന് ടീമിനെ കാര്യമായി ബാധിച്ചിരുന്നില്ല. കാരണം അന്ന് താരം പുറത്തായ സമയത്ത് ഇന്ത്യ 314-5 എന്ന മികച്ച സ്‌കോറിലെത്തിയിരുന്നു. അന്ന് പാകിസ്ഥാനെതിരെ ഇന്ത്യ 89 റണ്‍സിന് ജയിക്കുകയും ചെയ്തു. ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി 212 റണ്‍സ് എടുക്കാനേ പാകിസ്ഥാന് സാധിച്ചുളളൂ. 140 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് അന്നത്തെ കളിയില്‍ താരമായത്.