ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതിയോടെ ജനുവരി 22 തിങ്കളാഴ്ച അയോധയില്‍ നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്‌ലി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 17 ബുധനാഴ്ച നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20ക്ക് ശേഷം ഇന്ത്യന്‍ ടീം രണ്ട് ദിവസത്തെ ഇടവേള എടുക്കും.
ജനുവരി 25 ന് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ടീം ജനുവരി 20 ന് ഹൈദരാബാദില്‍ ഒത്തുചേരും. ജനുവരി 21 ന് പ്രാക്ടീസ് സെഷനുശേഷം കോഹ്ലി അയോധ്യയിലേക്ക് പോവുകയും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. കോഹ്ലിയെ കൂടാതെ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യ്ക്ക് ഇന്ത്യ ഇന്നിറങ്ങും. ബുധനാഴ്ച ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഒന്നും രണ്ടും ടി20യില്‍ 6 വിക്കറ്റിന് ജയിച്ച ഇന്ത്യ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബെഞ്ചിലായ മറ്റ് കളിക്കാര്‍ക്ക് ഈ ഏറ്റുമുട്ടലില്‍ അവസരം ലഭിച്ചേക്കാം.