ഓസീസിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന്റെ പശ്ചാത്തലത്തില്‍ ടെസ്റ്റില്‍ വിരാട് കോഹ്ലിയെ നീക്കി അജിങ്ക്യ രഹാനെയെ നായകനാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കോഹ്ലിയുടെ അഭാവത്തില്‍ രഹാനെയാണ് ഓസീസ് മണ്ണില്‍ ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രഹാനെ. കോഹ്‌ലിയായിരിക്കും എപ്പോഴും ടീമിന്റെ നായകനെന്നും, താന്‍ അദ്ദേഹത്തിന്റെ സഹായി മാത്രമാണെന്നും രഹാനെ പറഞ്ഞു.
“ഒന്നും മാറാന്‍ പോകുന്നില്ല. വിരാട് ആവും എപ്പോഴും ടെസ്റ്റ് ടീം നായകന്‍. ഞാന്‍ അദ്ദേഹത്തിന്റെ സഹായിയാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ ജയത്തിനായി എനിക്ക് കഴിയുന്നതെല്ലാം ചെയ്യും.”
“ക്യാപ്റ്റനാവുക എന്നത് വലിയ കാര്യമല്ല. എന്നാല്‍ ക്യാപ്റ്റന്‍ റോളില്‍ എങ്ങനെ പ്രകടനം നടത്തുന്നു എന്നതിലാണ് കാര്യം. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഭാവിയിലും അങ്ങനെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരത്തിലുള്ള ഫലങ്ങള്‍ ടീമിന് നല്‍കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.”
“കൃത്യതയുള്ള നായകനാണ് വിരാട്. ഫീല്‍ഡില്‍ മികച്ച തീരുമാനങ്ങള്‍ അദ്ദേഹം എടുക്കും. സ്പിന്നര്‍മാരെത്തുമ്പോള്‍ സ്ലിപ്പില്‍ അദ്ദേഹം എന്നെ കൂടുതല്‍ വിശ്വസിക്കും. സത്യസന്ധമായി പറഞ്ഞാല്‍ ടെസ്റ്റില്‍ എന്റെ സ്ഥാനത്തിന് ഭീഷണിയുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. കാരണം വിരാടും ടീം മാനേജ്മെന്റും എപ്പോഴും എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്” രഹാനെ പറഞ്ഞു.
Read more
56 മത്സരങ്ങളില്‍ നിന്നും 33 ജയങ്ങള്‍ കോഹ്ലിയുടെ നേത്യത്വത്തില്‍ ഇന്ത്യ നേടിയിട്ടുണ്ട്. ഓസീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടുമായുള്ള സുദീര്‍ഘമായ പരമ്പരയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഫെബ്രുവരി അഞ്ചിനാണ് പരമ്പര ആരംഭിക്കുക.