പഴയതിലും ശക്തനായി തിരിച്ചുവരണോ...; ബാബര്‍ അസമിന് വീരേന്ദര്‍ സെവാഗിന്‍റെ ഉപദേശം

പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം തന്‍രെ കരിയറിലെ ഏറ്റവും മോശം സമയത്തെ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ സ്ഥിരതയില്ലാത്ത മോശം പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ പ്രശസ്തിക്ക് വന്‍ ഇടിവുണ്ടാക്കി. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി.

നേരത്തെ, ബാബറിന്റെ നേതൃത്വത്തില്‍ ഏകദിന, ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ മികച്ച പ്രകടനം നടത്താത്തതിനെ തുടര്‍ന്ന് ബാബറും കനത്ത വിമര്‍ശനത്തിന് വിധേയനായിരുന്നു. തുടര്‍ന്ന് അദ്ദേഹം രണ്ട് തവണ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയും ചെയ്തു.

ഇപ്പോഴിതാ ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്, ബാബര്‍ അസമിന്റെ മോശം പ്രകടനത്തെക്കുറിച്ച് പ്രതിഫലിപ്പിക്കുകയും ആഭ്യന്തര ക്രിക്കറ്റില്‍ കഠിനാധ്വാനം ചെയ്യാനും ഫിറ്റ്നസില്‍ പ്രവര്‍ത്തിക്കാനും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാനും മാനസികമായി ശക്തനാകാനും നിര്‍ദ്ദേശിച്ചു.

‘ബാബര്‍ അസം ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. അവന്‍ തന്റെ ഫിറ്റ്നസില്‍ പ്രവര്‍ത്തിക്കണം, കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കണം. തുടര്‍ന്ന് ശാരീരികവും മാനസികമായി ശക്തനുമായ കളിക്കാരനായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരണം’ ഷോയിബ് അക്തറിന്റെ യൂട്യൂബ് ചാനലില്‍ സെവാഗ് പറഞ്ഞു.