സ്വന്തം നാട് ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് ചേക്കേറിയ പേസര്‍ സന്ദീപ് വാര്യര്‍ക്ക് കേരളത്തിന്റെ വക ചെറിയൊരു ഷോക്ക് ട്രീറ്റ്‌മെന്റ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കേരള ബാറ്റര്‍ വിഷ്ണു വിനോദിന്റെ കനത്ത പ്രഹരത്തിന് സന്ദീപ് ഇരയായി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്‌നാടിനുവേണ്ടി പന്തെറിഞ്ഞ സന്ദീപ് വാര്യര്‍ 2.3 ഓവറില്‍ വഴങ്ങിയത് 25 റണ്‍സ്. ആദ്യ നിലവാരം കാത്ത സന്ദീപിന് രണ്ടാം സ്‌പെല്ലിലാണ് പിഴച്ചത്. 18-ാം ഓവറില്‍ സന്ദീപിനെ വിഷ്ണു വിനോദ് രണ്ട് സിക്‌സുകള്‍ക്കും ഒരു ബൗണ്ടറിക്കും പറത്തി. മൂന്നു പന്തുകള്‍ എറിഞ്ഞ സന്ദീപിന് ഓവര്‍ പൂര്‍ത്തിയാക്കാനും സാധിച്ചില്ല. ശരവണ കുമാറാണ് 18-ാം ഓവര്‍ എറിഞ്ഞുതീര്‍ത്തത്.
കഴിഞ്ഞ വര്‍ഷമാണ് കേരളം വിട്ട് സന്ദീപ് വാര്യര്‍ തമിഴ്‌നാട് ടീമില്‍ ചേര്‍ന്നത്. കൂടുതല്‍ ശക്തമായ ടീമിലെ മികച്ച പ്രകടനങ്ങള്‍ ദേശീയ തലത്തില്‍ സാന്നിധ്യമറിയിക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലാണ് സന്ദീപിന്റെ തീരുമാനത്തിന് കാരണം. 2019 രഞ്ജി സീസണില്‍ 44 വിക്കറ്റുമായി സെമി പ്രവേശനത്തില്‍ നിര്‍ണായക പങ്കുവഹിച്ച സന്ദീപിന്റെ കൂടുമാറ്റം കേരളത്തിന് തിരിച്ചടിയായിരുന്നു.