ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ലോകകപ്പ് ഫൈനലിലെത്തുന്ന ടീമുകളെ തിരഞ്ഞെടുത്ത് പാക് പേസ് ഇതിഹാസം വഖാര്‍ യൂനിസ്. സ്വന്തം ടീമായ പാകിസ്ഥാനെ തഴഞ്ഞ വഖാര്‍ യൂനിസ് ആതിഥേയരായ ഇന്ത്യയ്ക്കും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനുമാണ് ഫൈനല്‍ ടിക്കറ്റ് നല്‍കിയത്.
ലോകകപ്പ് ഫൈനലില്‍ എത്തുന്ന ഒരു ടീം ഇന്ത്യയായിരിക്കും. യുവതാരങ്ങളുടെയും പരിചയസമ്പന്നരുടെയും കൂട്ടമായ ഇന്ത്യന്‍ ടീമിന് ആതിഥേയരെന്ന ആനുകൂല്യവുമുണ്ട്. സ്വന്തം രാജ്യത്ത് കളിക്കുന്നതിന്റെ ആനുകൂല്യം മാത്രമല്ല, ലോകോത്തര താരങ്ങളുടെ സാന്നിധ്യവും ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.
ലോകകപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടായിരിക്കും. 2019ലെ ലോകകപ്പിനുശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് പുറത്തെടുക്കുന്ന മികവാണ് അതിന് കാരണം. ആക്രമണശൈലിയും മാച്ച് വിന്നര്‍മാരുടെ സാന്നിധ്യവും ഇംഗ്ലണ്ട് ടീമിനെ അപകടകാരികളാക്കും. ഏത് ഘട്ടത്തിലും തിരിച്ചുവരാനുള്ള അവരുടെ കഴിവാണ് മറ്റൊരു പ്രധാന ഘടകം- വഖാര്‍ പറഞ്ഞു.
ഒക്ടോബര്‍ അഞ്ചിന് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.